ഫ്ലിപ്കാർട്ട് ഇനി മലയാളത്തിലും

  • 04/06/2021

ഫ്ലിപ്കാർട്ട് പ്ലാറ്റ്ഫോം മലയാളത്തിലും ലഭിച്ച്‌ തുടങ്ങി. സ്വാഭാവിക ഭാഷാ അനുഭവം നൽകുന്നതിനായി ഡിസ്പ്ലേ ബാനറുകൾ മുതൽ കാറ്റഗറി പേജുകൾ, ഉൽപ്പന്ന വിവരണങ്ങൾ എന്നിവ വരെ പ്ലാറ്റ്ഫോമിൽ 5.4 ദശലക്ഷത്തിലധികം പദങ്ങളുടെ വിവർത്തനവും ലിപ്യന്തരണവും സമന്വയിപ്പിച്ചിട്ടുണ്ട്. പ്രാദേശിക വിൽപ്പനക്കാർക്കും എംഎസ്‌എംഇകൾക്കും മറ്റും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് പ്രാദേശികഭാഷ കൂട്ടിച്ചേർക്കലിലൂടെ ഫ്ലിപ്കാർട്ട് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.

തങ്ങളുടെ പ്ലാറ്റ്ഫോമിൽ മലയാളം ഭാഷാ അവതരിപ്പിക്കുന്നതിൽ സന്തുഷ്ടരാണെന്ന് ഫ്ലിപ്കാർട്ടിലെ സീനിയർ വൈസ് പ്രസിഡൻറും ചീഫ് കോർപ്പറേറ്റ് അഫയേഴ്സ് ഓഫീസറുമായ രജനീഷ് കുമാർ പറഞ്ഞു. പ്രാദേശിക തലത്തിലും പ്രചാരത്തിലുള്ള ഇഎംഐ, ഡെലിവറി, ഫിൽട്ടർ, കാർട്ട്, ഒടിപി തുടങ്ങിയ പദങ്ങളുടെ ലിപ്യന്തരണമാണ് ലളിതമായ പദങ്ങളിലൂടെയുള്ള വിവർത്തനത്തിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഇത് ഇ-കൊമേഴ്സ് പദാവലികളുമായി പരിചയപ്പെടാൻ ഉപയോക്താക്കളെ സഹായിക്കുന്നു. മലയാളം കൂടി ഉൾപ്പെടുന്നതോടെ ഒന്നര വർഷത്തിനിടെ ഫ്ലിപ്കാർട്ട് ആപ്ലിക്കേഷൻ ലഭ്യമാകുന്ന ഇന്ത്യൻ ഭാഷകളുടെ എണ്ണം 11 ആയി. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി, ഗുജറാത്തി, ഒഡിയ, ആസാമീസ്, പഞ്ചാബി എന്നിവയാണ് മറ്റുള്ള ഭാഷകൾ.

Related Articles