ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ പോരാട്ടത്തിൽ ഇന്ത്യക്ക് ആശ്വാസ വിജയം

  • 08/06/2021

ദോഹ: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ പോരാട്ടത്തിൽ ഇന്ത്യക്ക് ആശ്വാസ വിജയം. ബംഗ്ലാദേശിനെതിരായ പോരാട്ടം ഇന്ത്യ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു. ക്യാപ്റ്റൻ സുനിൽ ഛേത്രി ഇരട്ട ഗോളുകളുമായി കളം നിറഞ്ഞ പോരാട്ടത്തിലാണ് ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയത്. 79, 92 മിനിറ്റുകളിലാണ് ഛേത്രിയുടെ എണ്ണം പറഞ്ഞ ഗോളുകൾ. അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോൾ നേട്ടം ഛേത്രി 73 ആക്കി ഉയർത്തി.

ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഏഴ് മത്സരങ്ങളിൽ നിന്ന് ഇന്ത്യക്ക് ആറ് പോയിന്റുകളായി. മൂന്ന് വീതം സമനിലകളും തോൽവിയുമായി ഇന്ത്യ ആശ്വാസ വിജയം തേടിയാണ് ഇറങ്ങിയത്. കളിയുടെ തുടക്കം മുതൽ ഇന്ത്യ മികവ് പുലർത്തിയെങ്കിലും ആദ്യ പകുതി ഗോൾരഹിതമായി കടന്നു പോയി. പിന്നീട് രണ്ടാം പകുതിയിലാണ് മിന്നും ഗോളുകളുടെ പിറവി.

79ാം മിനിറ്റിൽ മലയാളി താരം ആഷിഖ് കുരുണിയൻ നൽകിയ ക്രോസിനെ സുന്ദരമായ ഹെഡ്ഡറിലൂടെ ഛേത്രി വലയിലേക്ക് ചെത്തിയിടുകയായിരുന്നു. പ്രതിഭയുടെ സമസ്ത ഭാവങ്ങളും അടങ്ങിയ ഗോളിന് പിന്നാലെ കളി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ അതിലും മികച്ച ഫിനിഷിങിലൂടെ ഛേത്രി ആരാധകരുടെ മനം കവർന്നു.

ലീഡ് സ്വന്തമാക്കിയതോടെ ഇന്ത്യ ബംഗ്ലാദേശ് പകുതിയിൽ പ്രസിങ് ഗെയിമിലൂടെ ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയായിരുന്നു. ഫലം 92ാം മിനിറ്റിൽ ഛേത്രിയുടെ രണ്ടാം ഗോളുമെത്തി. സുരേഷിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ. വലത് വിങിലേക്ക് നീട്ടി കിട്ടിയ പന്തിനെ സുരേഷ്, ബോക്‌സിൽ നിൽക്കുകയായിരുന്ന ഛേത്രിയിലേക്ക് ബംഗ്ലാദേശ് പ്രതിരോധ താരങ്ങൾക്കിടയിലൂടെ സമർഥമായി എത്തിച്ചു. നെടുനീളൻ ഷോട്ടിലൂടെ ഛേത്രി ബംഗ്ലാദേശ് ഗോൾ കീപ്പർക്ക് ഒരവസരവും നൽകാതെ പന്ത് വലയിലാക്കി ഇന്ത്യൻ വിജയം ഉറപ്പാക്കി.

പതിനൊന്ന് മത്സരങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഒരു അന്താരാഷ്ട്ര മത്സരത്തിൽ വിജയം സ്വന്തമാക്കുന്നത്. ജയത്തോടെ എഎഫ്‌സി ഏഷ്യൻ പോരാട്ടത്തിനുള്ള സാധ്യതകളും ഇന്ത്യ സജീവമാക്കി. വിജയം ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച്ചിന് നൽകുന്ന ആശ്വാസവും ചെറുതല്ല.

Related Articles