ഒളിംപിക്‌സ് റദ്ദാക്കില്ലെന്ന് ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി: മത്സരം ആരംഭിച്ചു

  • 21/07/2021

ടോക്യോ: ഒളിംപിക്‌സ് റദ്ദാക്കില്ലെന്ന് ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി അറിയിച്ചു. ചെഫ് ഡി മിഷനുമാരുടെ യോഗത്തിലാണ് തീരുമാനം. കൊറോണ ചട്ടം കര്‍ശനമായി നടപ്പാക്കും. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കുക. ഒരു രാജ്യത്ത് നിന്ന് ആറ് ഒഫീഷ്യല്‍സിന് മാത്രമാണ് അനുമതി.

നേരത്തെ, ഗെയിംസ് വില്ലേജില്‍ കൊറോണ ബാധയുണ്ടായതിനെ തുടര്‍ന്ന് ഒളിംപിക്‌സ് മാറ്റിവെക്കണമെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. താരങ്ങള്‍ സുരക്ഷിതമല്ലെന്നായിരുന്നു പ്രധാന വാദം. അതേസമയം, ഒളിംപിക്‌സിന് വെള്ളിയാഴ്ചയാണ് ഔദ്യോഗിക തുടക്കമാവുന്നതെങ്കിലും ചില മത്സരങ്ങള്‍ ആരംഭിച്ചു. 

സോഫ്റ്റ്‌ബോള്‍ മത്സരങ്ങള്‍ക്കാണ് ഇന്ന് തുടക്കമായത്. ആതിഥേയരായ ജപ്പാന്‍ സോഫ്റ്റ്‌ബോളിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. 8-1നായിരുന്നു ജപ്പാന്‍റെ ജയം. മറ്റൊരു മത്സരത്തില്‍ യുഎസ് 2-0ത്തിന് ഇറ്റലിയെ തോല്‍പ്പിച്ചു. വനിതാ ഫുട്‌ബോളില്‍ ബ്രസീല്‍, അമേരിക്ക, ചൈന, ബ്രിട്ടണ്‍, നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. 

ബ്രസീലിന് ചൈനയും അമേരിക്കയ്ക്ക് സ്വീഡനുമാണ് എതിരാളികള്‍. സൂപ്പര്‍താരം മാര്‍ത്തയുടെ സാന്നിധ്യമാണ് ആദ്യമെഡല്‍ ലക്ഷ്യമിടുന്ന ബ്രസീലിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. നാല് തവണ ചാംപ്യന്‍മാരായ അമേരിക്ക മേഗന്‍ റപിനോ, കാര്‍ലി ലോയ്ഡ്, അലക്‌സ് മോര്‍ഗന്‍ തുടങ്ങിയ താരങ്ങളെ അണി നിരത്തുന്നുണ്ട്.

Related Articles