ലോകത്തിന് പ്രതീക്ഷയേകി ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു

  • 23/07/2021


ടോക്യോ: കൊറോണ ഭീതിയിൽ നാളുകൾ നീക്കുന്ന ലോകത്തിന് പ്രതീക്ഷയേകി ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു. കൊറോണയിൽ ഓരോരുത്തരും ഒറ്റയായിപ്പോകുന്ന കാലത്ത് ലോകത്തിന്റെ മുഴുവൻ പ്രതിനിധികളും ഇനി ഒരു വേദിയിൽ മത്സരിക്കും. ഒരുമയുടെ സന്ദേശമുയർത്തിയ ഉദ്ഘാടനച്ചടങ്ങ് ഇന്ത്യൻ സമയം 4.30നാണ് ആരംഭിച്ചത്.

ജപ്പാൻ ചക്രവർത്തി ഹിരോണോമിയ നരുഹിതോ മുഖ്യാതിഥിയായി എത്തിയ ചടങ്ങ് മുന്നോട്ടു നീങ്ങുക എന്ന ആശയമാണ് ഉയർത്തിപ്പിടിച്ചത്. ട്രെഡ്മില്ലിൽ പരിശീലനം നടത്തുന്ന ജപ്പാന്റെ മിഡ് വെയ്റ്റ് ബോക്സറായ അരിസ സുബാട്ടയിലേക്ക് ചൂണ്ടിയാണ് ചടങ്ങുകൾ തുടങ്ങിയത്. കോവിഡ് മഹാമാരിയുടെ സമയത്ത് അരിസ സുബാട്ട മുന്നണിപ്പോരാളിയായി പ്രവർത്തിച്ചിരുന്നു.

കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടമായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യർക്ക്് ആദരാഞ്ജലി അർപ്പിച്ചു. പിന്നാലെ ജാപ്പനീസ് സംഗീതത്തിനൊപ്പം ആതിഥേയ രാജ്യത്തിന്റെ സാംസ്കാരിക തനിമ നിറഞ്ഞുനിൽക്കുന്ന പരിപാടികൾ നടന്നു. നാഷണൽ സ്റ്റേഡിയത്തെ ദീപപ്രഭയിലാക്കി വെടിക്കെട്ടും നടന്നു.

ഇന്ത്യൻ സംഘത്തിൽ നിന്ന് 26 പേരാണ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തത്. ബോക്സിങ് താരം മേരികോമും ഹോക്കി താരം മൻപ്രീത് സിങ്ങും ഇന്ത്യൻ പതാകയേന്തി. ഗ്രീസിലൂടെ തുടക്കമിട്ട അത്ലറ്റ്സ് പരേഡിൽ അവസാനമെത്തിയ രാജ്യം ജപ്പാനാണ്.

ആധുനിക ചരിത്രത്തിലെ 32-ാം ഒളിമ്പിക്സിൽ 33 മത്സര ഇനങ്ങളാണുള്ളത്. 339 മെഡൽ ഇനങ്ങളിലായി 11,000 മത്സരാർഥികൾ മാറ്റുരയ്ക്കും. 42 വേദികളിലായാണ് മത്സരങ്ങൾ നടക്കുക.

Related Articles