ഒളിമ്പിക് ഗോൾഫിൽ ഇന്ത്യൻ താരം അദിതി അശോകിന് ഒടുവിൽ നിരാശ

  • 07/08/2021

ടോക്യോ: ഒളിമ്പിക് ഗോൾഫിൽ മെഡൽ പ്രതീക്ഷയുയർത്തിയ ഇന്ത്യൻ താരം അദിതി അശോകിന് ഒടുവിൽ നിരാശ.

വനിതകളുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേയിൽ നാലാമത്തെയും അവസാനത്തെയും റൗണ്ട് മത്സരം അവസാനിച്ചപ്പോൾ അദിതിക്ക് നാലാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ. മെഡൽ നഷ്ടമായെങ്കിലും ഗോൾഫിൽ ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുത്തത്.

കഴിഞ്ഞ ദിവസം മൂന്ന് റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ -12 പാർ പോയന്റുമായി ഇന്ത്യൻതാരം രണ്ടാമതുണ്ടായിരുന്നു. മൂന്ന് റൗണ്ടുകളിലായി അദിതിക്ക് 201 സ്ട്രോക്കുകളേ വേണ്ടിവന്നുള്ളൂ.

എന്നാൽ ഇന്ന് നടന്ന നാലാം റൗണ്ടിൽ ജപ്പാന്റെ മോനെ ഇനാമി 10 ബെർഡീസുമായി അദിതിയെ മറികടക്കുകയായിരുന്നു.

നാലു റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ -15 പാർ പോയന്റുമായി അദിതി നാലാം സ്ഥാനത്തായി. 269 സ്ട്രോക്കുകളാണ് നാലു റൗണ്ടുകളിലുമായി താരത്തിന് വേണ്ടിവന്നത്.

-17 പാർ പോയന്റും 267 സ്ട്രോക്കുകളുമായി മത്സരം അവസാനിപ്പിച്ച അമേരിക്കയുടെ നെല്ലി കോർഡയാണ് സ്വർണ മെഡൽ ജേതാവ്.

-16 പാർ പോയന്റും 268 സ്ട്രോക്കുകളുമായി സമനില പാലിച്ച ജപ്പാന്റെ മോനെ ഇനാമിയും ന്യൂസീലൻഡിന്റെ ലിഡിയ കോയും വെള്ളി മെഡലിനായി വീണ്ടും മത്സരിക്കും.

ഒരു റൗണ്ടിൽ 9 ഹോളുകളിലേക്കാണ് പന്തെത്തിക്കേണ്ടത്. ഇതിനായി ഓരോ താരത്തിനും ശരാശരി 71 സ്ട്രോക്കുകൾ ലഭിക്കും. ഓരോ ഹോളിലേക്കും കുറഞ്ഞ സ്ട്രോക്ക് കളിക്കുന്നതിനനുസരിച്ച് മുന്നിലെത്താനുള്ള സാധ്യത കൂടും. ആദ്യ റൗണ്ടിൽ അദിതി 67 സ്ട്രോക്കുകളാണെടുത്തത്. രണ്ടാം റൗണ്ടിൽ ഇന്ത്യൻ താരത്തിന് 66 സ്ട്രോക്കുകൾ വേണ്ടി വന്നു. മൂന്നാം റൗണ്ടിലും നാലാം റൗണ്ടിലും അദിതിക്ക് 68 സ്ട്രോക്കുകൾ വീതം വേണ്ടി വന്നു. ഇങ്ങനെ നാലു റൗണ്ടുകളിലുമായി 269 സ്ട്രോക്കുകളാണ് താരത്തിന് വേണ്ടിവന്നത്.

Related Articles