ബാഴ്സലോണ: ലയണൽ മെസ്സിയെന്ന ഫുട്ബോൾ മാന്ത്രികനും അദ്ദേഹത്തെ ഇതിഹാസമാക്കി വളർത്തിയ ബാഴ്സലോണ എന്ന ക്ലബ്ബും വഴിപിരിയുന്നു. യാത്രയയപ്പ് ചടങ്ങിൽ ബാഴ്സയുടെ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മെസ്സി താൻ ക്ലബ്ബ് വിടുന്ന കാര്യം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു. മൈക്കിനു മുന്നിൽ നിന്ന് കണ്ണീരടക്കാൻ പാടുപെടുന്ന മെസ്സിയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.ഈ നഗരത്തിൽ ജീവിച്ചപ്പോൾ താൻ ചെയ്ത കാര്യങ്ങളിലെല്ലാം അഭിമാനം കൊള്ളുന്നുവെന്ന് മെസ്സി പറഞ്ഞു. വിദേശത്ത് എവിടെ കരിയർ അവസാനിപ്പിച്ചാലും ഇവിടേക്ക് തന്നെ മടങ്ങിവരുമെന്നും മെസ്സി കൂട്ടിച്ചേർത്തു.ബാഴ്സ വിട്ട് എങ്ങോട്ടേക്കാണെന്ന ചോദ്യത്തിന് അക്കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ആരുമായും യാതൊരു തരത്തിലുള്ള ചർച്ചകളും നടന്നിട്ടില്ലെന്നും ഒരു വാഗ്ദാനവും നൽകിയിട്ടില്ലെന്നും മെസ്സി കൂട്ടിച്ചേർത്തു.നേരത്തെ കഴിഞ്ഞ വർഷം ഓഗസ്റ്റ് അവസാന വാരത്തിലാണ് താൻ ബാഴ്സ വിടുകയാണെന്ന് മെസ്സി ആദ്യമായി അറിയിക്കുന്നത്. കരാർ പ്രകാരം ഓരോ സീസണിന്റെ അവസാനത്തിലും ഫ്രീ ട്രാൻസ്ഫറായി ക്ലബ്ബ് വിടാൻ മെസ്സിക്ക് കഴിയുമായിരുന്നു. എന്നാൽ ജൂൺ 10-നകം ഇക്കാര്യം ക്ലബ്ബിനെ അറിയിക്കണമായിരുന്നു. ഈ വ്യവസ്ഥ മെസ്സിക്ക് പാലിക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബാഴ്സയും ലാലിഗയും റിലീസിങ് ക്ലോസ് തുകയിൽ മുറുകെപിടിച്ചതോടെ മെസ്സി ഈ സീസൺ കൂടി ക്ലബ്ബിൽ തുടരുകയായിരുന്നു.എന്നാൽ ഈ സീസണ് ശേഷം മെസ്സിയുടെ ഉയർന്ന വേതനവും ലാ ലിഗയിലെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും ക്ലബ്ബിന് താരവുമായി പുതിയ കരാറിലെത്തുന്നതിന് തടസമാകുകയായിരുന്നു. 50 ശതമാനം പ്രതിഫലം കുറച്ച് മെസ്സി ക്ലബ്ബിൽ തുടരാൻ സന്നദ്ധനായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ലാ ലിഗയുടെ കർശനമായ സാമ്പത്തിക നിയന്ത്രണങ്ങൾ ഇതിന് തടസമായി.ഇതോടെയാണ് ബാഴ്സലോണയുമായുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന പൊക്കിൾക്കൊടി ബന്ധം അറുത്തുമാറ്റാൻ താരത്തിന് തയ്യാറാകേണ്ടി വന്നത്.2001-ൽ ബാഴ്സയുടെ യൂത്ത് ക്ലബിൽ കളിച്ചുതുടങ്ങിയതാണ് മെസ്സി. 2003-ൽ സി ടീമിലും 2004 മുതൽ 2005 വരെ ബി ടീമിലും കളിച്ചു. 2004-ലാണ് ഒന്നാം നിര ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. 485 കളികളിൽ നിന്ന് 444 ഗോളുകൾ. ഇതിനിടെ ആറ് ബാലൺദ്യോറും ആറ് യൂറോപ്പ്യൻ ഗോൾഡൻ ഷൂസും. പത്ത് ലാലീഗയും നാല് ചാമ്പ്യൻസ് ലീഗും ആറ് കോപ്പ ഡെൽ റെയും ഉൾപ്പടെ മുപ്പത്തിമൂന്ന് കിരീടങ്ങളാണ് ബാഴ്സയുടെ അലമാരയിലെത്തിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?