പാരാലിമ്പിക്​സ്​ ഷൂട്ടിങ്ങി​ൽ സ്വർണവും വെള്ളിയും​ ഇന്ത്യയ്ക്ക്: മനീഷ് നർവാൾ സ്വർണവും സിങ് രാജ് അദാന വെള്ളിയും സ്വന്തമാക്കി

  • 04/09/2021


ടോക്യോ: ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യ രണ്ട് മെഡലുകൾ കൂടി സ്വന്തമാക്കി. മിക്സഡ് 50 മീറ്റർ പിസ്റ്റൾ എസ് എച്ച് 1 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ മനീഷ് നർവാൾ സ്വർണവും സിങ് രാജ് അദാന വെള്ളിയും സ്വന്തമാക്കി.

ഫൈനലിൽ 218.2 പോയന്റ് നേടി പാരാലിമ്പിക്സ് റെക്കോഡോടെയാണ് മനീഷ് നർവാൾ സ്വർണം നേടിയത്. 216.7 പോയന്റ് നേടിക്കൊണ്ട് സിങ് രാജ് വെള്ളി മെഡൽ നേടി.

സിങ് രാജ് ടോക്യോ പാരാലിമ്പിക്സിൽ നേടുന്ന രണ്ടാമത്തെ മെഡലാണിത്.

ഈ ഇനത്തിലെ ലോകറെക്കോഡുകാരനായ നർവാൾ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. യോഗ്യതാ മത്സരത്തിൽ ഏഴാം സ്ഥാനം മാത്രമാണ് നർവാളിന് ലഭിച്ചത്. സിങ് രാജിന് നാലാം സ്ഥാനമായിരുന്നു. എന്നാൽ ഫൈനലിൽ ഇരുവരും ഫോമിലേക്കുയർന്നു. റഷ്യയുടെ സെർജി മലിഷേവ് ഈ ഇനത്തിൽ വെങ്കലം നേടി.

സ്വർണവും വെള്ളിയും നേടിയതോടെ പോയന്റ് പട്ടികയിൽ ഇന്ത്യ 34-ാം സ്ഥാനത്തേക്ക് ഉയർന്നു. മൂന്ന് സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെ 15 മെഡലുകളാണ് ഇന്ത്യയുടെ ശേഖരത്തിലുള്ളത്.

Related Articles