പാരാലിമ്പിക്സ്: ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണനേട്ടം

  • 04/09/2021


ടോക്യോ: പാരാലിമ്പിക്സ് ബാഡ്മിന്റണിൽ സ്വർണ നേട്ടവുമായി ഇന്ത്യയുടെ പ്രമോദ് ഭഗത്. പുരുഷ സിംഗിൾസിൽ എസ്.എൽ 3 വിഭാഗത്തിലാണ് ശനിയാഴ്ച പ്രമോദ് സ്വർണ മെഡൽ കരസ്ഥമാക്കിയത്. പാരാലിമ്പിക് ബാഡ്മിന്റണിൽ ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടമാണിത്.

ഇതേയിനത്തിൽ ഇന്ത്യയുടെ മനോജ് സർക്കാരിനാണ് വെങ്കലം. 45 മിനിറ്റ് നീണ്ട ഫൈനലിൽ ബ്രിട്ടന്റെ ഡാനിയൽ ബെതെലിനെയാണ് പ്രമോദ് പരാജയപ്പെടുത്തിയത്. 21-14, 21-17 എന്ന സ്കോറിനായിരുന്നു ജയം.

ഈ വിഭാഗത്തിൽ പ്രമോദാണ് ലോക ഒന്നാം നമ്പർ താരം. ബെതെൽ ലോക രണ്ടാം നമ്പർ താരമാണ്. ഒഡിഷ സ്വദേശിയായ പ്രമോദ് ചെറുപ്പത്തിൽ തന്നെ പോളിയോ ബാധിതനായി, ഇടത്തേ കാലിന്റെ സ്വാധീനം കുറഞ്ഞു. എന്നിട്ടും തളരാതെ ബാഡ്മിന്റണെ സ്നേഹിച്ച താരം മൂന്ന് തവണ ലോക ചാമ്പ്യനായി.

അതേസമയം, ജപ്പാന്റെ ദയ്സുകെ ഫുജിഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് (22-20, 21-13) തകർത്താണ് മനോജ് സർക്കാർ വെങ്കലം സ്വന്തമാക്കിയത്.

ഇതോടെ ടോക്യോ പാരാലിമ്പിക്സിൽ നാല് സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമടക്കം ഇന്ത്യയുടെ മെഡൽ നേട്ടം 17 ആയി. നിലവിൽ 25-ാം സ്ഥാനത്താണ് ഇന്ത്യ.

Related Articles