എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ ഒന്നുകൂടി പഴുതടച്ച് വാട്സാപ്പ്: ഇനി പഴയ സന്ദേശങ്ങൾ സ്റ്റോറേജിൽ നിന്നും വീണ്ടെടുക്കാനാവില്ല

  • 11/09/2021



വാഷിംഗ്ടൺ: ഇനി മുതൽ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും സ്റ്റോറേജിൽ നിന്നും വീണ്ടെടുക്കാനാവില്ല. ഇതിനുവേണ്ടി ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ് വാട്സാപ്പ്. വാട്സാപ്പ് സി.ഇ.ഒ. വിൽ കാത്കാർട്ട് ആണ് ട്വിറ്റലൂടെ ഇക്കാര്യം അറിയിച്ചത്. നിലവിൽ വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് നിന്ന് ഒരാൾക്കോ വാട്സാപ്പിനോ കാണാൻ കഴിയില്ലെങ്കിലും സ്റ്റോറേജിൽ നിന്ന് ഇത് വീണ്ടെടുക്കാൻ കഴിയുമായിരുന്നു. സ്റ്റോറേജിലും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കുന്നത് അന്വേഷണ ഏജൻസികൾക്കും സർക്കാരുകൾക്കും തിരിച്ചടിയാവും.

ഒരു പാസ്വേർഡ് സംവിധാനത്തിലൂടെയാകും പുതിയ എൻക്രിപ്ഷൻ നടപ്പിലാക്കുക. നിലവിൽ വാട്സാപ്പ് ചാറ്റുകൾ ഗൂഗിൾ ഡ്രൈവിലോ മറ്റ് എവിടെയെങ്കിലുമോ സ്റ്റോർ ചെയ്യാനുള്ള സംവിധാനം ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാണ്. ഐ ഫോൺ ഉപയോക്താക്കൾക്ക് ഐ ക്ലൗഡിലും ഇതിനുള്ള ഓപഷൻ ലഭ്യമാണ്.

പുതിയ സർവീസ് ലോഞ്ചിനിടെ കേസന്വേഷണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇത് തിരിച്ചടിയാകുന്നതിനേക്കുറിച്ച് വാട്സാപ്പ് സി.ഇ.ഒ പറഞ്ഞത് ഇത്തരം കാര്യങ്ങളിലെ സുരക്ഷ എല്ലാ മേഖലയിലും പ്രധാനമാണ്, കാരണം സ്മാർട് ഫോണുകളും ഡിവൈസുകളും മനുഷ്യന് ഇന്ന് അത്രത്തോളം പ്രാധാന്യമുള്ളതാണെന്നാണ്. ചില രാജ്യങ്ങൾ ഇത്രയും സുരക്ഷ ഏർപ്പെടുത്തുന്നതിനെ എതിർക്കുന്നുണ്ട്. എന്നാൽ ഉപയോക്താവിന്റെ വിവരങ്ങൾക്ക് സുരക്ഷ നൽകുക എന്നതാണ് കമ്പനിയെ സംബന്ധിച്ച് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചാറ്റ് ബാക്ക്അപ്പ് ചെയ്യുന്നതിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കുന്നതിലൂടെ മീഡിയ, ചാറ്റുകൾ എന്നിവ ഗൂഗിൾ ഡ്രൈവ്സ ഐ ക്ലൗഡ് എന്നിവിടങ്ങളിൽ നിന്ന് വീണ്ടെടുക്കാൻ കഴിയില്ല. ഒരു എൻക്രിപ്ഷൻ കീയുടേയോ പാസ് വേർഡിന്റെയോ സഹായത്തോടെ ഈ സേവനം ഉപയോക്താവിന് ലഭ്യമാകും. പുതിയ സർവീസ് നടപ്പിലാക്കുന്നത് വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഭാഗമായിട്ടാണ്. ആൻഡ്രോയിഡിലും ഐ.ഒ.എസിലും ഉപയോഗിക്കാൻ കഴിയുന്ന ഒരു പുതിയ സംവിധാനമാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.

ഇന്ത്യയിൽ 53 കോടി ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയത്തിൽ പറയുന്നത് അനുസരിച്ച് സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന ആവശ്യത്തിനെതിരെ വാട്സാപ്പ് ഡെൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാട്സാപ്പ് സന്ദേശങ്ങളുടെ ഉറവിടം വ്യക്താമാക്കണമെന്നാണ് കേന്ദ്ര സർക്കാർ അന്ന് ആവശ്യപ്പെട്ടതെങ്കിലും ഇത് തങ്ങളുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ പോളിസിക്ക് വിരുദ്ധമാണെന്നാണ് വാട്സാപ്പ് പ്രതികരിച്ചത്.

Related Articles