നെയ്മാറില്ലാതെ ബ്രസീലിന് വിജയത്തുടർച്ച; മെസ്സി കളിച്ചിട്ടും അർജന്റീനയ്ക്ക് സമനില!

  • 08/10/2021


കാരകാസ്∙ ലോകകപ്പ് ഫുട്ബോളിന്റെ ദക്ഷിണ അമേരിക്കാ യോഗ്യതാ റൗണ്ടിൽ ബ്രസീലിന് തകർപ്പൻ വിജയം. വെനസ്വേലയെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രസീൽ തോൽപ്പിച്ചത്. അതേസമയം, അർജന്റീനയെ പാരഗ്വായ് ഗോൾരഹിത സമനിലയിൽ തളച്ചു. മറ്റു മത്സരങ്ങളിൽ ഇക്വഡോർ ബൊളീവിയയെ 3–0നും പെറു ചിലെയെ 2–0നും തോൽപ്പിച്ചു. യുറഗ്വായ് – കൊളംബിയ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഒൻപത് മത്സരങ്ങളിൽനിന്ന് ഒൻപതു വിജയവുമായി 27 പോയിന്റോടെ ബ്രസീലാണ് പട്ടികയിൽ ഒന്നാമത്. അർജന്റീന ഒൻപത് മത്സരങ്ങളിൽനിന്ന് അഞ്ച് വിജയങ്ങൾ സഹിതം 19 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
വെനസ്വേലയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിരുന്ന ബ്രസീൽ, രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ അടിച്ചുകൂട്ടിയാണ് വിജയക്കുതിപ്പു തുടർന്നത്. സൂപ്പർതാരങ്ങളായ നെയ്മാർ, കാസമീറോ തുടങ്ങിയവരില്ലാതെ കളിച്ചാണ് ബ്രസീൽ വിജയം പിടിച്ചെടുത്തത്. ഇനി ഞായറാഴ്ച കൊളംബിയയ്‌ക്ക് എതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. 

11–ാം മിനിറ്റിൽ എറിക് റാമിറസ് നേടിയ ഗോളിലാണ് വെനസ്വേല ലീഡു നേടിയത്. ദീർഘ നേരം ലീഡ് വഴങ്ങി കളിച്ച ബ്രസീൽ 71–ാം മിനിറ്റിൽ മാർക്വീഞ്ഞോസിലൂടെയാണ് സമനില ഗോൾ സ്വന്തമാക്കിയത്. 85–ാം മിനിറ്റിൽ ബ്രസീലിനു ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഗബ്രിയേൽ ബാർബോസ ലീഡ് സമ്മാനിച്ചു. ഇൻജറി ടൈമിൽ റാഫീഞ്ഞയുടെ പാസിൽനിന്ന് പകരക്കാരൻ താരം ആന്റണി കൂടി ലക്ഷ്യം കണ്ടതോടെ 3–1 വിജയവുമായി ബ്രസീലിനു മടക്കം.

പാരഗ്വായുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി ഉൾപ്പെടെയുള്ളവർ കളത്തിലിറങ്ങിയിട്ടും സമനിലയിൽ കുരുങ്ങിയത് അർജന്റീനയ്ക്ക് തിരിച്ചടിയായി. മത്സരത്തിലുടനീളം പന്തടക്കത്തിൽ ഉൾപ്പെടെ മികവു പുലർത്താനായെങ്കിലും ലക്ഷ്യം പിഴച്ചതാണ് അർജന്റീനയ്ക്ക് തിരിച്ചടിയായത്. 

Related Articles