ആംസ്റ്റർഡാം: സൗരയൂഥത്തിന് പുറത്ത് നിന്ന് ആദ്യമായി ഗവേഷകർക്ക് റേഡിയോ സിഗ്നലുകൾ ലഭിച്ചു. നെതർലൻഡിലെ ശക്തിയേറിയ ലോ ഫ്രീക്വൻസി അറേ (ലോഫർ) റേഡിയോ ആന്റിന ഉപയോഗിച്ചാണ് റേഡിയോ സിഗ്നൽ പിടിച്ചെടുത്തത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു നക്ഷത്രത്തിൽ നിന്നാണ് ഈ സിഗ്നലുകൾ ലഭിച്ചത്.ശൂന്യാകാശത്ത് മറഞ്ഞിരിക്കുന്ന ഗ്രഹങ്ങളെ കണ്ടെത്തുന്ന ഈ പുതിയ വിദ്യയിലൂടെ അന്യഗ്രഹ ജീവനെ കുറിച്ചുള്ള സൂചനയും ലഭിച്ചേക്കാം.ക്വീൻസ് ലാൻഡ് സർവകലാശാലയിലെ ഡോ. ബെഞ്ചമിൻ പോപും ഡച്ച് നാഷണൽ ഒബ്സർവേറ്ററിയിലെ (ആസ്ട്രോൺ) സഹപ്രവർത്തകരുമാണ് റേഡിയോ സിഗ്നൽ പിടിച്ചെടുത്തത്. ലോഫാർ ഉപയോഗിച്ച് പുതിയ ഗ്രഹങ്ങൾക്കായുള്ള തിരക്കിലായിരുന്നു ഗവേഷക സംഘം.19 ചുവന്ന കുള്ളൻ നക്ഷത്രങ്ങളിൽ നിന്നുള്ള സിഗ്നലുകളാണ് ഗവേഷകർ പിടിച്ചെടുത്തത്. ഇതിൽ നാലെണ്ണത്തിൽ നിന്നുള്ള സിഗ്നലുകൾ അവയ്ക്ക് ചുറ്റും ഗ്രഹങ്ങൾ വലം വെക്കുന്നുണ്ടെന്ന സൂചന നൽകുന്നതാണ്.'നമ്മുടെ സൗരയൂഥത്തിനകത്തെ ഗ്രഹങ്ങൾ അവയുടെ കാന്തിക വലയം സൗരക്കാറ്റുമായി സമ്പർക്കമുണ്ടാകുന്നതിന്റെ ഫലമായി ശക്തമായ റേഡിയോ തരംഗങ്ങൾ പുറത്തുവിടുന്നുണ്ട്. എന്നാൽ സൗരയൂഥത്തിന് പുറത്ത് നിന്നുള്ള ഗ്രഹങ്ങൾ റേഡിയോ സിഗ്നലുകൾ പുറത്തുവിടുന്നുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിരുന്നില്ല.' ഗവേഷകർ പ്രസ്താവനയിൽ പറഞ്ഞു.ഗ്രഹങ്ങളും നക്ഷത്രങ്ങലും തമ്മിലുള്ള കാന്തികബന്ധം കൊണ്ടാണ് ഈ സിഗ്നലുകൾ വരുന്നത് എന്ന് ഗവേഷക സംഘം ഉറപ്പിച്ചു പറയുന്നു. വ്യാഴവും അതിന്റെ ഉപഗ്രഹവും തമ്മിൽ ഈ രീതിയിലുള്ള സമ്പർക്കമുണ്ട്. ലെയ്ഡൻ സർവകലാശാലയിൽ നിന്നുള്ള ഡോ. ജോസഫ് കാളിങ്ഹാം പറയുന്നു.നമ്മുടെ ഭൂമിയിലെ അറോറയും ശക്തമായ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്. ഭൂമിയുടെ കാന്തിക വലയവും സൗരക്കാറ്റും തമ്മിലുള്ള സമ്പർക്കം മൂലമാണത് സംഭവിക്കുന്നത്. വ്യാഴത്തിലും ഭൂമിയിൽ കാണുന്നതിനേക്കാൾ ശക്തമായ അറോറകൾ ഉണ്ടാവുന്നുണ്ട്.റേഡിയോ സിഗ്നലുകൾ ലഭിച്ചുവെന്ന് പറയുന്ന നക്ഷത്രങ്ങൾ ഗ്രഹങ്ങളുടെ കേന്ദ്ര നക്ഷത്രങ്ങളാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നില്ല. പക്ഷെ ഈ ഗ്രഹങ്ങൾ ഭൂമിയേക്കാൾ വലുതായിരിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ.പുതിയ ഗ്രഹങ്ങളുടെ കണ്ടെത്തലിലേക്ക് നയിച്ചേക്കാവുന്ന കണ്ടെത്തലാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. 2029 ഓടെ സ്ക്വയർ കിലോമീറ്റർ അറേ റേഡിയോ ടെലിസ്കോപ് യാഥാർത്ഥ്യമാവുന്നതോടെ ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?