ബുർജ് ഖലീഫയിൽ തിളങ്ങി ഇന്ത്യയുടെ പുത്തൻ ജേഴ്സി

  • 14/10/2021


ദുബായ്: കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്സി സ്പോൺസർമാരായ എം.പി.എൽ സ്പോർട്സ് ടീമിന്റെ പുതിയ ജേഴ്സി പുറത്തിറക്കിയത്. ഈ മാസം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് ജേഴ്സി പുറത്തിറക്കിയത്.

ബിസിസിഐ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ ജേഴ്സി പുറത്തിറക്കിയതിനു പിന്നാലെ ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിലും ഇന്ത്യയുടെ പുതിയ ജേഴ്സി പ്രദർശിപ്പിച്ചത് കൗതുകമായി. 13-ാം തീയതി വൈകീട്ടോടെയാണ് ബുർജ് ഖലീഫയിൽ ഇന്ത്യയുടെ ജേഴ്സി പ്രദർശിപ്പിക്കപ്പെട്ടത്.

ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ തുടങ്ങിയവർ ഇന്ത്യയുടെ പുതിയ ജേഴ്സി ധരിച്ച് നിൽക്കുന്ന ചിത്രമടക്കമാണ് ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്.

കെട്ടിടത്തിൽ ജേഴ്സി പ്രദർശിപ്പിക്കുന്നതിന്റെ വീഡിയോ എം.പി.എൽ സ്പോർട്സ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്.

'ബില്യൺ ചിയേഴ്സ് ജേഴ്സി' എന്ന് പേരിട്ടിരിക്കുന്ന വസ്ത്രം കടുംനീല നിറത്തിലാണ്. ഒക്ടോബർ 17 മുതൽ യു.എ.ഇ.യിലും ഒമാനിലുമായാണ് ട്വന്റി 20 ലോകകപ്പ്. 1992-ലെ ഇന്ത്യൻ ടീം അണിഞ്ഞിരുന്നതിനോട് സാദൃശ്യമുള്ള ജേഴ്സിയാണ് ഇപ്പോൾ ഇന്ത്യൻ ടീം ഉപയോഗിക്കുന്നത്. കഴിഞ്ഞവർഷം നവംബറിലാണ് ഇത് പുറത്തിറക്കിയത്. ഒക്ടോബർ 18-ന് ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യ ഈ പുതിയ ജേഴ്സിയിൽ ഇറങ്ങും.

Related Articles