ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിന് തകർപ്പൻ ജയം; പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക്

  • 16/10/2021


ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ കരുത്തരായ ലിവർപൂളിന് തകർപ്പൻ ജയം. വാറ്റ്ഫോർഡിനെ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് തകർത്തു. ഈ വിജയത്തോടെ ലിവർപൂൾ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി.

വാറ്റ്ഫോർഡിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ലിവർപൂളിന്റെ സൂപ്പർതാരങ്ങളെല്ലാം ലക്ഷ്യം കണ്ടു. റോബർട്ടോ ഫിർമിനോ ഹാട്രിക്ക് നേടിയപ്പോൾ സാദിയോ മാനെ, മുഹമ്മദ് സല എന്നിവരും ലക്ഷ്യം കണ്ടു.

മത്സരം തുടങ്ങി ഒൻപതാം മിനിട്ടിൽ തന്നെ സാദിയോ മാനെയിലൂടെ ലിവർപൂൾ ലക്ഷ്യം കണ്ടു. സലയാണ് ഗോളവസരമൊരുക്കിയത്. 37-ാം മിനിട്ടിൽ ഫിർമിനോ ലീഡുയർത്തി. മിൽനറുടെ അസിസ്റ്റിൽ നിന്നാണ് ഗോൾ പിറന്നത്. ആദ്യ പകുതിയിൽ ടീം 2-0 ന് മുന്നിലെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിവർപൂൾ മൂന്നാം ഗോൾ കണ്ടെത്തി. 52-ാം മിനിട്ടിൽ ഫിർമിനോ തന്നെയാണ് ഗോൾ നേടിയത്. രണ്ടുമിനിട്ടിനുശേഷം മുഹമ്മദ് സലയും ലക്ഷ്യം കണ്ടതോടെ ലിവർപൂൾ വിജയമുറപ്പിച്ചു. ഈ ഗോളിന് വഴിയൊരുക്കിയത് ഫിർമിനോ ആയിരുന്നു.പിന്നാലെ മത്സരമവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ ഫിർമിനോ ഹാട്രിക്ക് തികച്ചു.

ഹാട്രിക്ക് നേടുകയും ഒരു ഗോളിന് വഴിവെയ്ക്കുകയും ചെയ്ത ഫിർമിനോയാണ് ലിവർപൂളിന്റെ വിജയശിൽപി. ഈ വിജയത്തോടെ ലിവർപൂൾ പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് തുടരുകയാണ്. എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയങ്ങളും മൂന്ന് സമനിലയുമടക്കം 18 പോയന്റുകളാണ് ലിവർപൂളിനുള്ളത്. വാറ്റ്ഫോർഡ് 15-ാം സ്ഥാനത്താണ്.

Related Articles