പൂർണാരോഗ്യവാനായ വ്യക്തി എന്ന് നിങ്ങൾ ആരെയാണ് വിളിക്കുക? വയറൊന്നും ചാടാത്ത, കാണാൻ നല്ല ഫിറ്റായ, അത്യാവശ്യത്തിനു മുഴുപ്പുള്ള പേശികളൊക്കെ ഉള്ള, മുടങ്ങാതെ ജിമ്മിൽ പോവുന്ന ഒരാളെയോ? എന്നാൽ, ഒരാൾ എന്നും ജിംനേഷ്യത്തിൽ പോവുന്നു, അയാൾ അവിടെ വലിയ ഭാരമൊക്കെ എടുത്ത് പെരുമാറുന്നു, ഒരു ദിവസം പോലും മുടങ്ങാതെ കൃത്യമായി കളിക്കുന്നു എന്നതുകൊണ്ട് 'അയാൾക്ക് ആരോഗ്യമുണ്ട്', 'അയാളെ രോഗങ്ങൾ, വിശേഷിച്ച് ഹൃദയാഘാതം പോലെ മരണകരണമായേക്കാവുന്ന അസുഖങ്ങൾ അലട്ടില്ല' എന്നൊന്നും പറയാനാവില്ല. കന്നഡ സിനിമ താരം പുനീത് രാജ്‌കുമാർ തന്റെ ജിം വർക്ക്ഔട്ടിനിടെ ഹൃദയാഘാതം വന്നു മരണപ്പെട്ടതോടെ, ജിംനേഷ്യം വർക്ക്ഔട്ടുകളും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയിലേക്ക് വരികയാണ്. 46 വയസ്സു മാത്രമായിരുന്നു പവർ സ്റ്റാർ എന്നറിയപ്പെട്ടിരുന്ന പുനീതിന് മരിക്കുമ്പോഴുള്ള പ്രായം.രാവിലെ വീട്ടിലെ ജിംനേഷ്യത്തിൽ വ്യായാമം ചെയ്തുകൊണ്ടിരിക്കെ നെഞ്ചു വേദന അനുഭവപ്പെട്ട പുനീതിനെ ഫാമിലി ഡോക്ടർ പരിശോധിക്കുകയും ഇസിജി എടുക്കുകയും ചെയ്തിരുന്നു. അദ്ദേഹം റെഫർ ചെയ്തിട്ടാണ് പുനീതിനെ വിക്രം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്. അവിടെ എത്തുമ്പോൾ തന്നെ പുനീതിന്റെ ഹൃദയം നിശ്ചലമായിരുന്നു എന്നാണ് അദ്ദേഹത്തെ പരിശോധിച്ച കാർഡിയാക് വിദഗ്ധർ അറിയിച്ചത്. നെഞ്ചുവേദന വന്ന പുനീത് ആശുപത്രിയിൽ എത്തുന്നത് ഏതാണ്ട് 30-45 മിനിറ്റ് ശേഷമാണ്. ആശുപത്രിയിൽ എത്തുന്നതിനു പത്തുമിനിറ്റ് മുമ്പ് വരെയും അദ്ദേഹം സംസാരികുനുണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പറഞ്ഞത്. കുടുംബത്തിൽ ഹൃദ്രോഗത്തിന്റേതായ പാരമ്പര്യം ഉണ്ടായിരുന്നു എങ്കിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ പുനീതിന്റെ കുടുംബത്തിന് ഇല്ല എന്നും അവർ അറിയിച്ചു.പുനീതിന് പുറമെ, കഴിഞ്ഞ മാസം മരിച്ച നടൻ സിദ്ധാർത്ഥ ശുക്ല, കഴിഞ്ഞ വർഷം മരിച്ച ചിരഞ്ജീവി സർജ എന്നിവരും ഫിറ്റ്നസിന്റെ കാര്യത്തിൽ തികഞ്ഞ ശ്രദ്ധയുണ്ടായിരുന്ന, മുടങ്ങാതെ ജിം ചെയ്തിരുന്നവരായിരുന്നു. എന്താണ് ജിം വർക്ക്ഔട്ടുകളും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം? കടുത്ത വ്യായാമത്തിനു ശേഷം ഉണ്ടാകുന്ന ഡീഹൈഡ്രേറ്റഡ് ശാരീരികാവസ്ഥ ഒരുപരിധിവരെ ഇത്തരത്തിലുള്ള അപകടങ്ങൾക്ക് കാരണമാവും എന്ന് ഡോക്ടർമാർ പറയുന്നു. തൊഴിൽ ആവശ്യങ്ങൾക്കും മറ്റുമായി കടുത്ത ജിം കസർത്തുകൾ നടത്താൻ ഇറങ്ങിപ്പുറപ്പെടും മുമ്പ് കൃത്യമായ കാർഡിയാക് എസ്റ്റിമേഷൻ നടത്തേണ്ടതുണ്ട് എന്നും അവർ നിഷ്കർഷിക്കുന്നു. "പത്തിരുപത്തഞ്ചു വർഷം മുമ്പൊക്കെ മുപ്പതുവയസ്സിനു താഴെയുള്ളവർ ഹൃദയാഘാതം വന്നു മരിക്കുക എന്നൊക്കെ നമ്മൾ അഞ്ചോ ആറോ മാസത്തിൽ ഒരിക്കൽ കേട്ടിരുന്ന കാര്യങ്ങളായിരുന്നു. ഇന്നിപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ വാർത്തകൾ അത്തരത്തിൽ പുറത്തുവരാറുണ്ട്." എന്നാണ് ഏഷ്യ ഹാർട്ട് ഇന്സ്ടിട്യൂട്ടിലെ ഡോ.രമാകാന്ത് പാണ്ട റിപ്പബ്ലിക്കിനോട് പറഞ്ഞത്. ചില കേസുകളിലെങ്കിലും ഹാർട്ട് അറ്റാക്ക് ഉണ്ടാവുന്ന യുവാക്കളിൽ വെൻട്രിക്കുലാർ ഫിബ്രിലേഷൻ അഥവാ ഹൃദയത്തിന് ഇലക്ട്രിക്കൽ അസ്ഥിരത ഉണ്ടാവുന്നു. ഇങ്ങനെ തളർന്നു വീഴുന്നവർക്ക് ഉടനടി സിപിആർ പോലുള്ള റീ സസിറ്റേഷൻ പ്രഥമ ശുശ്രൂഷകൾ നൽകണം. വേണ്ടിവന്നാൽ അവരെ ഡീഫിബ്രിലേഷനും വിധേയമാക്കണം. ഈ അവസ്ഥയിൽ അടിയന്തര ശുശ്രൂഷ കിട്ടിയില്ല എങ്കിൽ, നിമിഷങ്ങൾക്കകം കാർഡിയാക് അറസ്റ്റ് അഥവാ ഹൃദയ സ്തംഭനത്തിലേക്ക് കാര്യങ്ങൾ നീളുകയും, മരണം സംഭവിക്കുകയും ചെയുന്നു. മരണം സംഭവിക്കും മുമ്പ് ആശുപത്രിയിൽ എത്തിക്കാൻ പോലും നേരം കിട്ടി എന്ന് വരില്ല. ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് ഇതിനു കാരണം. ഇതുതന്നെയാണ് പുനീതിന്റെ കേസിലും ഉണ്ടായത്. ഇത്തരത്തിലുള്ള ആഘാതങ്ങൾക്ക് യാതൊരു വിധത്തിലുള്ള മുന്നറിയിപ്പുകളും ഉണ്ടാവില്ല എന്നും, ആദ്യത്തെ അറ്റാക്കിൽ തന്നെ നന്നേ ചെറു പ്രായത്തിലുള്ളവർ പോലും ഇങ്ങനെ മരണപ്പെട്ടു പോവാറുണ്ട് എന്നും ഡോക്ടർമാർ പറയുന്നു. ജിംനേഷ്യത്തിലെ വ്യായാമത്തിന് അതിന്റെതായ ഗുണദോഷങ്ങൾ ഉണ്ട് എന്നും, എങ്ങനെ എന്തൊക്കെ തരം കസർത്തുകളിലാണ് ജിമ്മിൽ നമ്മൾ ഏർപ്പെടുന്നത് എന്നതിനെ ആശ്രയിച്ചാവും അത് ശരീരത്തിന് ഇപ്പോഴും നല്ലത് ഇടത്തരം വ്യായാമങ്ങളാണ്. അമിതമായി ശരീരത്തെ അധ്വനിപ്പിക്കുന്നത് ചിലരിലെങ്കിലും വിപരീതഫലങ്ങൾക്ക് കാരണമാവാം. പല യുവാക്കളും മരണപ്പെട്ടിട്ടുള്ളത് ജിംനേഷ്യത്തിലെ വർക്ക്ഔട്ടിനിടയിലോ അല്ലെങ്കിൽ വ്യായാമം കഴിഞ്ഞു തിരികെ വീട്ടിലേക്കുള്ള യാത്ര മദ്ധ്യേയോ ആണ് എന്ന് ഡോക്ടർമാരെ ഉദ്ധരിച്ചുകൊണ്ട് ദ ഹിന്ദുവും റിപ്പോർട്ട് ചെയ്യുകയുണ്ടായി. അഞ്ചോ പത്തോ മിനിറ്റ് വാം അപ്പ്. ഇരുപതുമിനിറ്റോളം എക്സർസൈസുകൾ, അഞ്ചോ പത്തോ മിനിറ്റ് കൂൾ ഡൌൺ എന്നതാണ് ഡോക്ടർമാർ നിർദേശിക്കുന്ന സുരക്ഷിതമായ വ്യായാമക്രമം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?