മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; വടക്കന്‍ കേരളത്തില്‍ മഴ കനക്കും

  • 17/07/2025

വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.

വയനാട് ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും, മതപഠന സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും, ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കാണ് അവധി പ്രഖ്യാപിച്ചത്.

അതിനിടെ വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 773.00 മീറ്ററായി ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചിട്ടാണുള്ളത്. ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്ന് ജലനിരപ്പ് 773.50 മീറ്ററില്‍ അധികരിക്കുകയും, മഴയുടെ തീവ്രത വിലയിരുത്തിയും നിയന്ത്രിത അളവില്‍ ഷട്ടര്‍ ഉയര്‍ത്തി അധിക ജലം തുറന്നുവിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മഴ കുറഞ്ഞ് അണക്കെട്ടിലെ ജലനിരപ്പുയരാത്ത പക്ഷം റെഡ് അലേർട്ട് പ്രഖ്യാപിച്ചാലും ഡാം തുറക്കുകയില്ല.

Related News