അഹമ്മദാബാദ് വിമാനദുരന്തം: ഫ്യുവല്‍ സ്വിച്ച്‌ ഓഫ് ചെയ്തത് ക്യാപ്റ്റന്‍; വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്

  • 17/07/2025

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ഫ്യുവല്‍ സ്വിച്ച്‌ ഓഫ് ചെയ്യപ്പെട്ടതാണെന്നും, അത് ചെയ്തത് ക്യാപ്റ്റനാണെന്നും യു എസ് മാധ്യമമായ 'വാള്‍സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തു. വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിച്ച യുഎസ് അധികൃതരെ ഉദ്ധരിച്ചാണ് യുഎസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്.

ബ്ലാക്ക് ബോക്‌സ് റെക്കോഡിങ് സൂചനകള്‍ പ്രകാരം, ക്യാപ്റ്റന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫാക്കിയതായാണ് യുഎസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ സൂചിപ്പിക്കുന്നു. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദര്‍ ക്യാപ്റ്റനായ സുമീത് സബര്‍വാളിനോടാണ് എന്തിനാണ് ഫ്യുവല്‍സ്വിച്ചുകള്‍ കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിലുള്ളത്.

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ രണ്ടു പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. 56 കാരനായ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ 15,638 മണിക്കൂര്‍ വിമാനം പറത്തി പരിചയസമ്ബന്നനായ പൈലറ്റാണ്. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ 32കാരന്‍ ക്ലൈവ് കുന്ദര്‍ 3403 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ളയാളുമാണ്.

എയര്‍ഇന്ത്യ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് കോക്പിറ്റില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ബ്ലാക്ബോക്സ് പരിശോധനയിലൂടെ നേരത്തേ ലഭ്യമായിരുന്നു. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റേ പൈലറ്റിനോട് ചോദിക്കുന്നതും, താന്‍ ചെയ്തിട്ടില്ലെന്ന് മറ്റേയാള്‍ മറുപടി നല്‍കുന്നതുമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്.

Related News