125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, വമ്ബൻ പ്രഖ്യാപനവുമായി നിതീഷ് കുമാര്‍

  • 17/07/2025

നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ ബിഹാറില്‍ വമ്ബൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. അടുത്ത മാസം ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ 1.67 കോടി കുടുംബങ്ങള്‍ക്ക് ഗുണകരമാകുമെന്നും സാമൂഹികമാധ്യമമായ എക്‌സിലൂടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.

"തുടക്കം മുതലേ സർക്കാർ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നു. 2025 ഓഗസ്റ്റ് 1 മുതല്‍ സംസ്ഥാനത്തെ എല്ലാ ഗാർഹിക ഉപഭോക്താക്കളും 125 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് പണം നല്‍കേണ്ടതില്ലെന്ന് സർ‌ക്കാർ തീരുമാനിച്ചു," നിതീഷ് കുമാർ എക്‌സില്‍ കുറിച്ചു. അടുത്ത മൂന്നുകൊല്ലത്തിനിടെ, വീട്ടുടമകളുടെ അനുവാദത്തോടെ കെട്ടിടങ്ങളുടെ മുകളിലോ അല്ലെങ്കില്‍ സമീപത്തെ പൊതുസ്ഥലങ്ങളിലോ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുമെന്നുംമുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.

അതിദരിദ്ര കുടുംബങ്ങളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാനാവശ്യമായ മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. മറ്റുള്ളവര്‍ക്ക് കുടിര്‍ ജ്യോതി പദ്ധതി പ്രകാരം സാമ്ബത്തിക സഹായം ലഭ്യമാക്കുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികളിലും 35 ശതമാനം തസ്തികള്‍ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് ഈ മാസം എട്ടിന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ഒക്ടോബറിലോ നവംബറിലോ ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.

Related News