മൊബൈല്‍ ഫോണ്‍ അഡിക്ഷൻ, മാനസിക നില തകരാറിലായി; മകന്റെ അടിയേറ്റ അച്ഛൻ മരിച്ചു

  • 17/07/2025

മാനസിക നില തകരാറിലായ മകന്റെ മർദ്ദനമേറ്റ പിതാവ് മരിച്ചു. അതിയന്നൂർ വെണ്‍പകലിനു സമീപം പട്ട്യക്കാല സംഗീതില്‍ സുനില്‍കുമാറാണ് മരിച്ചത്. സംഭവത്തില്‍ മകൻ സിജോയി സാമുവേലിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സിജോയിയെ റിമാൻഡ് ചെയ്തു.

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗവും വീഡിയോ ഗെയിം ആസക്തിയും മൂലമാണ് മകൻ സിജോയിയുടെ മാനസിക നില തകരാറിലായതെന്നാണ് റിപ്പോർട്ട്. മൊബൈല്‍ ഉപയോഗം അമിതമായതോടെ രക്ഷിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത് സിജോയിയെ കൂടുതല്‍ ചൊടിപ്പിച്ചിരുന്നു. സുനില്‍കുമാർ- ലളിതകുമാരി ദമ്ബതികളുടെ മൂന്നു മക്കളില്‍ ഇളയവനാണ് സിജോയി.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സിജോയിയുടെ മാനസികനില തകരാറിലായിരുന്നു. ഇടയ്ക്ക് ചികിത്സ നടത്തുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നെങ്കിലും ആക്രമണം തുടർന്നു. ഇതോടെ സുനില്‍ കുമാറും ഭാര്യ ലളിത കുമാരിയും കാഞ്ഞിരംകുളത്ത് വാടകയ്ക്ക് താമസം മാറി. എന്നാല്‍ സിജോയിക്ക് ദിവസവും ഇവർ ഭക്ഷണം എത്തിച്ചിരുന്നു.

ഭക്ഷണവുമായി എത്തിയ പിതാവിനോട്, ഇയാള്‍ പണം ആവശ്യപ്പെടുകയും അതു ലഭിക്കാതെ വന്നതോടെ ആക്രമിക്കുകയുമായിരുന്നു. അടിയേറ്റ് വീണ സുനില്‍ കുമാറിനെ നാട്ടുകാരാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കാല്‍തെറ്റി വീണെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ വീഴ്ചയിലേറ്റ പരിക്കല്ലെന്ന് മനസ്സിലാക്കിയ ഡോക്ടർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

Related News