ഒത്തുതീര്‍പ്പിലെത്തിയാല്‍ അപൂര്‍വ സാഹചര്യത്തില്‍ ബലാത്സംഗക്കേസ് റദ്ദാക്കാം: സുപ്രീംകോടതി

  • 17/07/2025

കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയാല്‍ അപൂര്‍വ സാഹചര്യങ്ങളില്‍ ബലാത്സംഗക്കേസ് റദ്ദാക്കാമെന്ന് സുപ്രീംകോടതി. പരാതിക്കാരി പിന്മാറിയിട്ടും കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതിവിധിക്കെതിരെ പ്രതി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ഗുരുതരകുറ്റമാണ് ബലാത്സംഗം. ഒത്തുതീര്‍പ്പിന്റെ പേരില്‍ ബലാത്സംഗക്കേസിലെ ക്രിമിനല്‍നടപടികള്‍ റദ്ദാക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതുമല്ല. എന്നാല്‍, ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 482-ാം വകുപ്പുപ്രകാരം നീതി നടപ്പാക്കാനുള്ള കോടതിയുടെ അധികാരം ഇടുങ്ങിയ ഫോര്‍മുലവെച്ച്‌ തളച്ചിടാനും പാടില്ല. ഓരോ കേസിന്റേയും വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചുവേണം തീരുമാനമെന്നും കോടതി പറഞ്ഞു.

താനും പ്രതിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തീര്‍ന്നെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി കേസ് പിന്‍വലിക്കുകയായിരുന്നു. വിവാഹിതയായി കുടുംബജീവിതം നയിക്കുന്ന തനിക്ക് ഈ കേസുമായി മുന്നോട്ടുപോയി സമാധാനം കളയാന്‍ ആഗ്രഹിക്കുന്നില്ലെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വിചാരണയുമായി മുന്നോട്ടുപോകുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഹൈക്കോടതിയുടെ വിധി റദ്ദാക്കി.

Related News