ഇനിയും പരീക്ഷണത്തിനില്ലെന്ന് ഇന്ത്യന്‍ ഏകദിന നായകന്‍ രോഹിത് ശര്‍മ്മ

  • 10/02/2022

അഹമ്മദാബാദ്: ഇനിയും പരീക്ഷണത്തിന് ഇല്ലെന്ന് ഇന്ത്യന്‍ ഏകദിന നായകന്‍ രോഹിത് ശര്‍മ്മ. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഓപ്പണറാക്കിയുളള പരീക്ഷണമാണ് ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞത്. പകരം വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തിൽ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളിക്കുമെന്നും രോഹിത് വ്യക്തമാക്കി. 

വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ നായകന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം റിഷഭ് പന്ത് ഓപ്പണിംഗിനെത്തുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. കെ എൽ രാഹുൽ മധ്യനിരയിൽ ബാറ്റ് ചെയ്യണമെന്ന തീരുമാനത്തിൽ വെള്ളം ചേര്‍ക്കേണ്ടെന്ന നിലപാടും ശിഖര്‍ ധവാന് പകരമായി ഇടംകയ്യന്‍ ഓപ്പണര്‍ വേണമെന്ന ആലോചനയുമായപ്പോൾ പന്തിന് പവര്‍പ്ലേയിൽ ആഞ്ഞടിക്കാനുള്ള ലൈസന്‍സായി. എന്നാൽ പതിഞ്ഞ തുടക്കവുമായി റിഷഭ് പന്ത് നിരാശപ്പെടുത്തി. 34 പന്തില്‍ 18 റണ്‍സായിരുന്നു സമ്പാദ്യം. 

പന്ത് ഓപ്പണറാകാനുള്ള സാഹചര്യം തമാശ കലര്‍ത്തിയാണ് രോഹിത് ശര്‍മ്മ വിശദീകരിച്ചത്. കൊവിഡ് മുക്തനായ ശിഖര്‍ ധവാന് കുറച്ചു കൂടി വിശ്രമം ലഭിക്കണമെന്ന് കരുതിയാണ് രണ്ടാം ഏകദിനത്തിൽ ഉള്‍പ്പെടുത്താതിരുന്നത്. അവസാന ഏകദിനത്തിൽ ധവാന്‍ തിരിച്ചെത്തുമെന്നും നായകന്‍ സ്ഥിരീകരിച്ചു. പരമ്പര നേടിക്കഴിഞ്ഞതിനാൽ ധവാന്‍ തിരിച്ചത്തുമ്പോള്‍ അവസാന ഏകദിനത്തിൽ സൂര്യകുമാര്‍ യാദവിനെയോ ദീപക് ഹൂഡയേയോ ഒഴിവാക്കിയേക്കും. റിഷഭ് പന്തിന് വിശ്രമം നൽകി ഇഷാന്‍ കിഷന് അവസരം നൽകുന്നതും തളളിക്കളയാനാകില്ല. 

വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ടീം ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഏകദിനത്തിൽ 44 റൺസിന് ഇന്ത്യ വിജയിച്ചതോടെയാണിത്. 9 ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് മാന്‍ ഓഫ് ദ് മാച്ച്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 237 റണ്‍സാണ് നേടിയത്. സൂര്യകുമാര്‍ യാദവ് 64ഉം കെ എല്‍ രാഹുല്‍ 49ഉം റണ്‍സ് നേടി. വിന്‍ഡീസിന്‍റെ മറുപടി ഇന്നിംഗ്‌സ് 46 ഓവറില്‍ 193ല്‍ അവസാനിച്ചു. വെള്ളിയാഴ്ചയാണ് അവസാന ഏകദിനം. 

Related Articles