ഐപിഎൽ 2022: ലിയാം ലിവിങ്സ്റ്റണെ 11.50 കോടിക്ക് സ്വന്തമാക്കി പഞ്ചാബ്; രഹാനെ കൊല്‍ക്കത്തയില്‍

  • 13/02/2022



ബെംഗളൂരു: ഐപിഎൽ 2022 സീസണ് മുന്നോടിയായുള്ള മെഗാ താരലേലത്തിന്റെ രണ്ടാം ദിനത്തിലെ ലേല നടപടികൾ ആരംഭിച്ചു. രണ്ടാം ദിനം ഇതുവരെ മികച്ച നേട്ടമുണ്ടാക്കിയത് ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റനാണ്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 11.50 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്.

രണ്ടാം ദിനത്തിൽ ആദ്യം ലേലത്തിനെത്തിയ ദക്ഷിണാഫ്രിക്കൻ താരം ഏയ്ഡൻ മാർക്രത്തെ 2.60 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ഈയിടെ സമാപിച്ച ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ തിളങ്ങിയ വെസ്റ്റിൻഡീസ് താരം ഒഡീൻ സ്മിത്തിനെ 6 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി.

ബെംഗളൂരുവിലെ ഹോട്ടൽ ഐടിസി ഗാർഡനിയയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ തന്നെ ലേലം ആരംഭിച്ചു. ആദ്യ ദിനം ലേല നടപടികൾക്കിടെ തളർന്നുവീണ ഹ്യൂഗ് എഡ്മെഡെസിനു പകരം കമന്റേറ്റർ ചാരു ശർമയാണ് ഇന്നും ലേല നടപടികൾ നിയന്ത്രിക്കുന്നത്.

അജിങ്ക്യ രഹാനെയെ 1 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. അതേസമയം ഡേവിഡ് മലാൻ, ഓയിൻ മോർഗൻ, മാർനസ് ലബുഷെയ്ൻ, സൗരഭ് തിവാരി, ആരോൺ ഫിഞ്ച്, ചേതേശ്വർ പൂജാര, ജെയിംസ് നീഷാം, ക്രിസ് ജോർദൻ എന്നിവരെ ആരും വാങ്ങിയില്ല.

ജയന്ത് യാദവിനെ 1.70 കോടിക്കും വിജയ് ശങ്കറെ 1.40 കോടിക്കും ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. മാർക്കോ യാൻസനെ 4.20 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചപ്പോൾ. ശിവം ദുബെ 4 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സിലെത്തി.

Related Articles