ഇന്ത്യ-വിന്‍ഡീസ് ആദ്യ ടി20 വെടിക്കെട്ട് ഇന്ന്; തകര്‍പ്പനാക്കാന്‍ രോഹിത്, തിരിച്ചുവരാന്‍ കോലി

  • 16/02/2022


കൊല്‍ക്കത്ത: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. കൊൽക്കത്തയിൽ രാത്രി 7.30നാണ് പരമ്പരയിലെ ആദ്യ മത്സരം. പരമ്പര തൂത്തുവാരിയാൽ ഇന്ത്യക്ക് ലോക റാങ്കിംഗില്‍ ഒന്നാമതെത്താം. 

ദുര്‍ബലരല്ല വിന്‍ഡീസ്

ഐസിസി റാങ്കിംഗിലെ ഒന്നാം നമ്പര്‍ പദവിയിലേക്ക് നിര്‍ണായക ചുവടുവയ്ക്കാന്‍ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെ. ഏഴാം റാങ്കുകാരായ വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം റാങ്കുകാരായ ഇന്ത്യക്ക് മേൽക്കൈ അവകാശപ്പെടാമെങ്കിലും ട്വന്‍റി 20 ഫോര്‍മാറ്റായതിനാൽ അലസത പാടില്ല. കരുത്തരായ ഇംഗ്ലണ്ടിനെതിരെ ട്വന്‍റി 20 പരമ്പര നേടിയാണ് വിന്‍ഡീസിന്‍റെ വരവ് എന്നത് ശ്രദ്ധേയമാണ്. 

കെ എൽ രാഹുലിന്‍റെ അഭാവത്തിൽ ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ്മയുടെ ഓപ്പണിംഗ് പങ്കാളിയാകുമെന്നാണ് സൂചന. മധ്യനിരയിൽ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവര്‍ ഉറപ്പ്. ആറാം നമ്പറില്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ വേണമെന്ന് തീരുമാനിച്ചാൽ ശ്രേയസ് അയ്യരിന് മാറിനിൽക്കേണ്ടിവരും. കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ സ്‌പിന്‍ ജോഡിയുടെ മടങ്ങിവരവ് പ്രതീക്ഷിക്കാം. മുഹമ്മ് സിറാജ്, ആവേശ് ഖാന്‍, ഹര്‍ഷൽ പട്ടേൽ, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍
എന്നിവരാണ് സ്ക്വാഡിലെ പേസര്‍മാര്‍.

ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ കളിക്കാതിരുന്ന കീറോൺ പൊള്ളാര്‍ഡ് വിന്‍ഡീസ് നായകനായി തിരിച്ചെത്തിയേക്കാം. 

ഹിറ്റ് റെക്കോര്‍ഡ്

ഏകദിന നായകനായി 13 കളിയിൽ 11ലും ജയിച്ച രോഹിത് ശര്‍മ്മയുടെ ടി20 റെക്കോര്‍ഡ് കൂടി നോക്കാം. ട്വന്‍റി 20 ഫോര്‍മാറ്റിൽ ഇന്ത്യന്‍ നായകനായുള്ള 23-ാം മത്സരത്തിനാണ് രോഹിത് ഇറങ്ങുന്നത്. ഇതുവരെയുള്ള 22 കളിയിൽ 18ലും രോഹിത് ജയിച്ചു. 81.81 ആണ് വിജയശതമാനം. അഞ്ചിലധികം ട്വന്‍റി20യിൽ ഇന്ത്യയെ നയിച്ച നായകന്മാരിൽ ഏറ്റവും മികച്ച വിജയശതമാനം രോഹിത്തിനാണ് എന്നത് ശ്രദ്ധേയം. 

കോലിക്ക് പൂര്‍ണ പിന്തുണ

ഫോമിലല്ലാത്ത വിരാട് കോലിയെ പിന്തുണച്ച് പരമ്പരയ്‌ക്ക് മുമ്പ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ രംഗത്തെത്തി. മാധ്യമങ്ങള്‍
മിണ്ടാതിരുന്നാൽ കോലി ഫോമിലെത്തുമെന്ന് ഇന്ത്യന്‍ നായകന്‍ പറഞ്ഞു. 'ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാണ് കോലി. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറെസമയം ചിലവഴിച്ച താരത്തിന് സമ്മര്‍ദത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാം. നിങ്ങളില്‍ നിന്നാണ് എല്ലാ വിര്‍ശനങ്ങളും ആരംഭിച്ചത്. നിങ്ങള്‍ കുറച്ചൊന്ന് മൗനം പാലിച്ചാല്‍ എല്ലാം ശരിയാകും' എന്നും കോലിയുടെ ഫോമിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് രോഹിത് ശര്‍മ്മ പറഞ്ഞു. 

രാജ്യാന്തര ക്രിക്കറ്റില്‍ വിരാട് കോലി സെഞ്ചുറി വരള്‍ച്ച നേരിടുകയാണ്. രണ്ട് വര്‍ഷത്തിലേറെയായി റണ്‍മെഷിന്‍റെ ബാറ്റില്‍ നിന്ന് മൂന്നക്കം പിറന്നിട്ട്. ഏകദിനത്തില്‍ സെഞ്ചുറി കണ്ടിട്ട് മൂന്ന് വര്‍ഷമായി. 44 സെഞ്ചുറികള്‍ ഏകദിനത്തില്‍ നേടിയ താരമാണ് കോലി എന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടെയും അര്‍ധ സെഞ്ചുറികള്‍ കോലിയുടെ ബാറ്റില്‍ നിന്ന് പിറക്കുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്ന് ഏകദിനങ്ങളില്‍ 26 റൺസ് മാത്രമാണ് കോലി നേടിയത്.

Related Articles