ടോക്കിയോ ഒളിംപിക്‌സിന് ശേഷം ജംപിംഗ് പിറ്റിലേക്ക് മലയാളി താരത്തിൻ്റെ തിരിച്ചുവരവ്

  • 02/03/2022


തിരുവനന്തപുരം: ടോക്കിയോ ഒളിംപിക്‌സിന് ശേഷം ജംപിംഗ് പിറ്റിലേക്ക് മലയാളി താരം എം ശ്രീശങ്കറിന്‍റെ ശക്തമായ തിരിച്ചുവരവ്. പ്രഥമ ഇന്ത്യൻ ഓപ്പൺ ജംപ്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് ശ്രീശങ്കർ മികവ് തെളിയിച്ചത്. വാശിയേറിയ പോരാട്ടത്തില്‍ മുഹമ്മദ് അനീസിനെ പിന്തള്ളിയാണ് നേട്ടം. 

ടോക്കിയോ ഒളിംപിക്‌സിലെ നിരാശയ്ക്ക് ശേഷമുള്ള ആദ്യ ഊഴത്തിൽ തന്നെ 8 മീറ്റർ മറികടന്നായിരുന്നു വിമർശകർക്ക് എം ശ്രീശങ്കറിന്‍റെ മറുപടി. 8.14 മീറ്ററിൽ തുടങ്ങിയ ശ്രീശങ്കർ അവസാന ശ്രമത്തിൽ 8.17 മീറ്റർ ദൂരം കണ്ടെത്തി ഒന്നാമനായി. കഴിഞ്ഞ വർഷം 8.26 മീറ്റർ ദൂരത്തോടെ ദേശീയ റെക്കോർഡ് സ്വന്തമാക്കിയ ശ്രീശങ്കറിന് ടോക്കിയോ ഒളിംപിക്‌സിൽ 7.63 ദൂരം കണ്ടെത്താനേ കഴിഞ്ഞിരുന്നുള്ളൂ. യോഗ്യതാ റൗണ്ടിൽ പതിമൂന്നാം സ്ഥാനത്താവുകയും ചെയ്‌തു. 

ലോക ചാമ്പ്യൻഷിപ്പും കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിസും ഈവർഷം നടക്കാനിരിക്കേ മികച്ച തുടക്കമാണ് മലയാളി താരത്തിന് കിട്ടിയിരിക്കുന്നത്. ഇന്ത്യൻ ഓപ്പൺ ജംപ്‌സ് ചാമ്പ്യൻഷിപ്പിൽ 8.15 മീറ്റർ ദൂരം മറികടന്ന് മലയാളി താരം മുഹമ്മദ് അനീസിനാണ് രണ്ടാംസ്ഥാനം. ഒളിംപ്യൻ മുഹമ്മദ് അനസിന്‍റെ സഹോദരനാണ് അനീസ്.

Related Articles