വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഇംഗ്ലണ്ടിനോട് പോരാടി കീഴടങ്ങി ഇന്ത്യ

  • 16/03/2022


ബേ ഓവല്‍: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് പോരാടി കീഴടങ്ങി ഇന്ത്യ. ബേ ഓവലില്‍ ആദ്യം ബാറ്റ് ചെയ്‌ത് 36.2 ഓവറില്‍ 134 റണ്‍സില്‍ ഓള്‍ഔട്ടായ ഇന്ത്യയെ ഇംഗ്ലണ്ട് നാല് വിക്കറ്റിന് തോല്‍പിക്കുകയായിരുന്നു. 135 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലണ്ട് ആദ്യ ഓവറുകളിലും അവസാന ഓവറുകളിലും പതറിയെങ്കിലും 31.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ അവര്‍ ലക്ഷ്യം കണ്ടു. 

മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് ഞെട്ടിക്കുന്ന പ്രഹരം നല്‍കിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ തുടങ്ങിയത്. ഓപ്പണര്‍മാര്‍ രണ്ടുപേരും മടങ്ങുമ്പോള്‍ മൂന്ന് ഓവറില്‍ നാല് റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിനുണ്ടായിരുന്നത്. ഡാനിയേല വ്യാറ്റിനെ(1) മേഘ്‌ന സിംഗ്, സ്‌നേഹ് റാണയുടെ കൈകളിലെത്തിച്ചപ്പോള്‍ ടാമി ബ്യൂമോണ്ടിനെ (1) ജൂലന്‍ ഗോസ്വാമി എല്‍ബിയില്‍ കുടുക്കി. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റും നാടലീ സൈവറും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റി. 

46 പന്തില്‍ 45 റണ്‍സെടുത്ത സൈവറെ പൂജ വസ്‌ത്രകര്‍ പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഈ സമയം ഇംഗ്ലണ്ട് വനിതകളുടെ സ്‌കോര്‍ 69-3. ഒരറ്റത്ത് ഹീതര്‍ നൈറ്റ് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് ജയത്തിലെത്തുമെന്നുറപ്പായി. പിന്നാലെ 10 റണ്‍സെടുത്ത എമി എലന്‍ ജോണ്‍സിനെയും 17ല്‍ സോഫിയ ഡന്‍ക്ലിയിയെയും അക്കൗണ്ട് തുറക്കാതെ കാതറിന്‍ ബ്രണ്ടിനേയും പറഞ്ഞയക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. എങ്കിലും ഹീതര്‍ നൈറ്റും (53*), സോഫീ എക്കിള്‍സ്റ്റണും(5*) ഇംഗ്ലണ്ടിനെ ജയിപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യന്‍ വനിതകളില്‍ നാല് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഓപ്പണര്‍ സ്‌മൃതി മന്ഥാന 35 ഉം കഴിഞ്ഞ മത്സരങ്ങളില്‍ ഫോമിലായിരുന്നു ഹര്‍മന്‍പ്രീത് കൗര്‍ 14 ഉം വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷ് 33 ഉം വാലറ്റത്ത് പേസര്‍ ജൂലന്‍ ഗോസ്വാമി 20 ഉം റണ്‍സെടുത്തു. ക്യാപ്റ്റന്‍ മിതാലി രാജ് വെറും ഒരു റണ്ണില്‍ പുറത്തായി. യാസ്‌തിക ഭാട്യ(8), ദീപ്‌തി ശര്‍മ്മ(0), സ്‌നേഹ്‌ റാണ(0), പൂജ വസ്‌ത്രകര്‍(6), മേഘ്‌ന സിംഗ്(3), രാജേശ്വരി ഗെയ്‌ക് വാദ്(1*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. 

8.2 ഓവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുമായി ഷാര്‍ലറ്റ് ഡീനാണ് ഇന്ത്യയെ തകര്‍ത്തത്. ആറ് ഓവറില്‍ 20 റണ്‍സിന് രണ്ട് പേരെ പുറത്താക്കി അന്യാ ശ്രുഭ്സോലെയും തിളങ്ങി. സോഫീ എക്കിള്‍സ്റ്റണും കെയ്‌റ്റ് ക്രോസും ഓരോ വിക്കറ്റ് വീഴ്‌ത്തി. 

Related Articles