മഞ്ഞക്കടല്‍ സങ്കടക്കടലായി, നെഞ്ചുപൊട്ടി മഞ്ഞപ്പട ആരാധകര്‍; എങ്കിലും ഗോവയില്‍ നിന്ന് മടക്കം പ്രതീക്ഷയോടെ

  • 21/03/2022


മഡ്‌ഗാവ്: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ കിരീടധാരണം കാണാനായി ഗോവയിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് ആരാധകരെ നിരാശരാക്കുന്നതായിരുന്നു മത്സരഫലം. പക്ഷെ തോൽവിയിലും ടീമിനോടുള്ള സ്നേഹവും ആരാധനയും തെല്ലും കുറഞ്ഞിട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ടാണ് ഒരോരുത്തരും ഫത്തോർഡ സ്റ്റേഡിയം വിട്ടത്. ആരാധകരോടുള്ള നന്ദി പ്രകടിപ്പിക്കാൻ ടീം ഒന്നടങ്കം മൈതാനം വലംവച്ച കാഴ്‌ചയും ഇന്നലെ കണ്ടു. 

തോറ്റുപോയെന്ന് വിശ്വസിക്കാൻ പാടുപെടുന്നു ചിലർ, പരസ്‌പരം ആശ്വസിപ്പിക്കുന്നവർ കുറച്ച് പേർ... ഫത്തോർഡയിൽ നിന്ന് മടങ്ങും നേരം കാഴചകൾ ഇതൊക്കൊയായിരുന്നു. രാഹുലിന്‍റെ ഗോളിൽ ആർത്തലച്ചും മറുപടി ഗോളിൽ ഞെട്ടലോടെയും പെനാൽറ്റി ഷൂട്ടൗട്ടിൽ നിസഹായരായും മത്സരം കണ്ട് തീർത്തു ആരാധകര്‍. 

രണ്ട് വർഷത്തിന് ശേഷം മൈതാനത്തേക്കെത്തിയതിന്‍റെ ആഘോഷ നിമിഷങ്ങൾ ഒരൽപം കയ്പുനീരിൽ അവസാനിച്ചു. എന്നാല്‍ തോറ്റ് തലതാഴ്ത്തി നിന്ന് താരങ്ങൾക്ക് മുന്നിൽ ചങ്ക് പൊട്ടും വിധം ഉച്ചത്തിൽ ആരാധകര്‍ ബ്ലാസ്റ്റേഴ്‌സ് എന്ന് ആർത്തുവിളിച്ചു. ആ വിളി കേട്ട കോച്ചും താരങ്ങളും ഗ്യാലറിയെ വലം വച്ച് നന്ദി വിളിച്ച് പറഞ്ഞ് കൊണ്ടിരുന്നു. 

ഒരു തോൽവിക്കും തോൽപ്പിക്കാൻ കഴിയുന്നതല്ല ക്ലബിനോടുള്ള ആരാധന. അത് മറ്റൊരു വൈകാരിക തലമാണ്. ഇനി കാത്തിരിപ്പാണ്. അടുത്ത സീസൺ വരും, കപ്പടിക്കും എന്ന പ്രതീക്ഷ. ഈ ഉറപ്പിലാണ് ഓരോ മഞ്ഞപ്പട ആരാധകനും ഫറ്റോര്‍ഡയില്‍ നിന്ന് മടങ്ങിയത്.  

Related Articles