ഏകദിന പരമ്പര: റെക്കോര്‍ഡ് റണ്‍ചേസില്‍ ഓസീസിനെ വീഴ്ത്തി പാക്കിസ്ഥാന്‍

  • 01/04/2022




കറാച്ചി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന്(PAK vs AUS) റെക്കോര്‍ഡ് ജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 349 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പാക്കിസ്ഥാന്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നിര്‍ത്തി മറികടന്നു. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ പാക്കിസ്ഥാന്‍ ഓസീസിന് ഒപ്പമെത്തി(1-1). സ്കോര്‍ ഓസ്ട്രേലിയ 50 ഓവറില്‍ 348-8, പാക്കിസ്ഥാന്‍ 49 ഓവറില്‍ 352-4.

ഏകദിന ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ഓപ്പണര്‍ ഇമാമുള്‍ ഹഖിന്‍റെയും ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെയും തകര്‍പ്പന്‍ സെഞ്ചുറികളാണ് പാക്കിസ്ഥാന് അവിശ്വസനീയ ജയമൊരുക്കിയത്. ബാബര്‍ 83 പന്തില്‍ 114 റണ്‍സടിച്ചപ്പോള്‍ ഇമാമുള്‍ ഹഖ് 97 പന്തില്‍ 106 റണ്‍സെടുത്തു. ഓപ്പണിംഗ് വിക്കറ്റില്‍ ഫഖര്‍ സമനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഇമാമുള്‍ ഹഖാണ് പാക് ജയത്തിന് അടിത്തറയിട്ടത്.

64 പന്തില്‍ 67 റണ്‍സെടുത്ത സമന്‍ പുറത്തായശേഷം ബാബര്‍ അസമുമൊത്ത് രണ്ടാം വിക്കറ്റിലും ഇമാമുള്‍ ഹഖ് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. 110 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. ടീം സ്കോര്‍ 229ല്‍ നില്‍ക്കെ ഇമാമുള്‍ ഹഖിനെ നഷ്ടമായെങ്കിലും പാക്കിസ്ഥാന്‍ സ്കോര്‍ 300 കടത്തിയ ബാബര്‍ വിജയം ഉറപ്പാക്കിയശേഷമാണ് ക്രീസ് വിട്ടത്. 11 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ബാബറിന്‍രെ ഇന്നിംഗ്സ്. ഇമാമുള്‍ ഹഖ് ആറ് ഫോറും മൂന്ന് സിക്സും പറത്തി.

ഇരുവരും പുറത്തായശേഷം ക്രീസിലെത്തിയ മൊഹമ്മദ് റിസ്‌വാനും(23) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കുഷ്ദില്‍ ഷായും(17 പന്തില്‍ 27), ഇഫ്തിഖര്‍ അഹമ്മദും(7 പന്തില്‍ 11) ചേര്‍ന്ന് പാക് ജയം പൂര്‍ത്തിയാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ബെന്‍ മക്ഡര്‍മോട്ടിന്‍റെ സെഞ്ചുരിയുടെയും(104) ട്രാവിസ് ഹെഡിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും(70 പന്തില്‍ 89) കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്. മാര്‍നസ് ലാബുഷെയ്ന്‍(49 പന്തില്‍ 59), മാര്‍ക്കസ് സ്റ്റോയ്നിസ്(33 പന്തില്‍ 49), സീന്‍ ആബട്ട്(16 പന്തില്‍ 28) എന്നിവരും ഓസീസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. പാക്കിസ്താനും വേണ്ടി ഷഹീന്‍ അഫ്രീദി നാലു വിക്കറ്റെടുത്തു.

Related Articles