ഖത്തർ ഫുട്‌ബോള്‍ ലോകകപ്പിൽ ടീമുകളെ കാത്തിരിക്കുന്നത് കൈനിറയെ പണം

  • 03/04/2022


സൂറിച്ച്: ഖത്തർ ഫുട്‌ബോള്‍ ലോകകപ്പിൽ ടീമുകളെ കാത്തിരിക്കുന്നത് കൈനിറയെ പണം. ടീമുകൾക്ക് ലോകകപ്പിനായി തയ്യാറെടുക്കാനും ഫിഫ പണം നൽകും. ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകൾക്കും മുന്നൊരുക്കത്തിനായി ഫിഫ നൽകുക ഒന്നരമില്യൺ ഡോളർ വീതമാണ്. ഇന്ത്യൻ രൂപയിൽ 11 കോടിയിലേറെ വരുമിത്. ലോകകപ്പ് ജേതാക്കൾക്ക് ഇത്തവണ സമ്മാനത്തുകയായി 319 കോടി രൂപയാണ് കിട്ടുക. രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നതും വമ്പൻ തുക, 227കോടി രൂപ. മൂന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് 205 കോടി രൂപയും നാലാം സഥാനത്തെത്തുന്നവര്‍ക്ക് 189 കോടി രൂപയും സമ്മാനത്തുകയായി കാത്തിരിക്കുന്നു. ക്വാർട്ടർ ഫൈനലിൽ പുറത്താവുന്ന ടീമുകൾക്ക് 129 കോടി രൂപ വീതവും പ്രീക്വാർട്ടർ ഫൈനലിൽ പുറത്താവുന്നവർക്ക് 98 കോടി രൂപ വീതവും മറ്റ് ടീമുകൾക്ക് 68 കോടി രൂപ വീതവും സമ്മാനത്തുകയായി ഫിഫ നൽകും. 

ഏഷ്യ വേദിയാവുന്ന രണ്ടാമത്തെ ലോകകപ്പിന് ഖത്തര്‍ ഒരുങ്ങുന്നത്. 2002ൽ ജപ്പാനും കൊറിയയും സംയുക്തമായാണ് ലോകകപ്പിന് വേദിയായത്. അന്ന് ജർമനിയെ തോൽപിച്ച് ബ്രസീൽ കിരീടം നേടി. ലോകം ചുറ്റി ലോകകപ്പ് ഏഷ്യയിൽ ആര് കിരീടം ചൂടുമെന്ന് കാത്തിരുന്ന് കാണാം. 

ഖത്തര്‍ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ദിവസങ്ങള്‍ക്ക് മുമ്പ് നടന്നിരുന്നു. മൂന്ന് ടീമുകൾ യോഗ്യത ഉറപ്പിക്കും മുൻപായിരുന്നു ഇത്തവണത്തെ ലോകകപ്പ് നറുക്കെടുപ്പ്. ആതിഥേയരായ ഖത്തർ ഉദ്ഘാടന മത്സരത്തിൽ നവംബർ 21ന് ഇക്വഡോറിനെ നേരിടും. ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഒരുമിച്ച് നിൽക്കുക എന്ന സന്ദേശത്തോടെയാണ് 2022ലെ ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയത്. അറേബ്യന്‍ നാട് ആദ്യമായാണ് ഫുട്ബോള്‍ ലോകകപ്പിന് വേദിയാവുന്നത്. 

Related Articles