ഖത്തര്‍ ലോകകപ്പ്: പുതിയ നിയമങ്ങള്‍ ഐഎഫ്എബി അംഗീരികരിച്ചു

  • 14/06/2022



ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ നിയമത്തിലും വലിയ മാറ്റങ്ങള്‍ക്കാകും വേദിയാവുക. ഫുട്‌ബോളില്‍ ഇനി മുതല്‍ അഞ്ച് സബ്സ്റ്റിറ്റിയൂഷന്‍ വരെ ഇറക്കാമെന്ന് ഫുട്‌ബോള്‍ നിയമങ്ങള്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് തീരുമാനിച്ചു. അന്താരാഷ്ട്ര ഫുട്‌ബോളിലും ലീഗുകളിലും മൂന്ന് കളിക്കാരെ പകരം ഇറക്കാനായിരുന്നു 2020 വരെ അവസരം. കൊവിഡ് പശ്ചാത്തലത്തില്‍ താരങ്ങളുടെ ആരോഗ്യം കൂടി കണക്കിലെടുത്ത് അഞ്ച് പകരക്കാര്‍ക്ക് അവസരം നല്‍കിയിരുന്നു. 

ഇനി മുതല്‍ പകരക്കാര്‍ അഞ്ച് എണ്ണമാകാമെന്ന് ദോഹയില്‍ ചേര്‍ന്ന ഐഎഫ്എബി യോഗം തീരുമാനിച്ചു. അധികസമയത്തേക്ക് കളി നീണ്ടുപോയാല്‍ സബ്സ്റ്റിറ്റിയൂഷനായി ആറ് താരങ്ങളെ വരെ ഇറക്കാം. ലൈന്‍ റഫറിയുടെ തീരുമാനത്തിന് കാത്ത് നില്‍ക്കാതെ ഓഫ്‌സൈഡ് വിളിക്കാന്‍ ഗോള്‍ലൈന്‍ ടെക്‌നോളജി മാതൃകയില്‍ ഓഫ് സൈഡ് ഡിറ്റക്ടര്‍ ഉപയോഗിക്കാനാണ് തീരുമാനം. ജൂലൈ 1 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഖത്തര്‍ ലോകകപ്പിലാകും രണ്ട് തീരുമാനവും പ്രാബല്യത്തിലാകും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (EPL) പുതിയ സീസണില്‍ അഞ്ച് സബ്സ്റ്റിറ്റിയൂഷന്‍ നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. ഒരു ടീം മാത്രമാണ് ഇനി ലോകകപ്പിന് യോഗ്യത നേടാനുള്ളത്. ഇന്ന് നടക്കുന്ന ന്യൂസിലന്‍ഡ്- കോസ്റ്ററിക്ക മത്സരത്തിലെ വിജയികളാണ് ആ വിടവ് നികത്തുക. ഖത്തറിലെ അല്‍റയ്യാന്‍ സ്റ്റേഡിയത്തില്‍ രാത്രി 11.30 മുതലാണ് മത്സരം. ജയിക്കുന്നവര്‍ക്ക് ലോകകപ്പിന് യോഗ്യത നേടാം.

ഇന്നലെ പെറുവിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഓസ്‌ട്രേലിയയുടെ ജയം. നാലിനെതിരെ അഞ്ച് ഗോളിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. നിശ്ചിത സമയത്ത് ഇരുടീമിനും ഗോളുകള്‍ നേടാനായില്ല.

ദക്ഷിണമേരിക്കന്‍ മേഖലയില്‍ നാല് ടീമുകള്‍ക്കാണ് നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിന് ക്വാളിഫയര്‍ കളിക്കണം. പെറുവായിരുന്നു അഞ്ചാം സ്ഥാനത്ത്. ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വെ, ഇക്വഡോര്‍ എന്നിവരാണ് നേരിട്ട് യോഗ്യത നേടിയത്. കൊളംബിയ ആറാം സ്ഥാനത്തും ചിലി ഏഴാം സ്ഥാനത്തുമാണ് അവസാനിപ്പിച്ചത്. ഇവര്‍ യോഗ്യതയ്ക്ക് പുറത്താവുകയും ചെയ്തു.

Related Articles