കൊവിഡ് നിയന്ത്രണങ്ങളിൽ നിന്ന് പിന്മാറി ഓസ്ട്രേലിയ: സന്തോഷവാനായി നൊവാക് ജോകോവിച്ച്

  • 13/07/2022





സിഡ്‍നി: ഓസ്ട്രേലിയയിലെ കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതിൽ ഏറ്റവും സന്തോഷിക്കുന്നവരിൽ ഒരാൾ നൊവാക് ജോക്കോവിച്ചായിരിക്കും. അടുത്ത ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ പങ്കെടുക്കാൻ ഇതോടെ ജോക്കോയ്ക്ക് വഴിയൊരുങ്ങിയേക്കും. കൊവിഡ് വാക്സീൻ എടുക്കാത്തതിനാൽ കഴിഞ്ഞ ടൂർണമെന്‍റ് ജോക്കോവിച്ചിന് നഷ്ടമായിരുന്നു.

ലോകത്ത് ഏറ്റവും കടുത്ത കൊവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന രാജ്യമാണ് ഓസ്ട്രേലിയ. വാക്സീൻ എടുക്കാത്തവർക്ക് രാജ്യത്തേക്ക് പ്രവേശനം പോലുമുണ്ടായിരുന്നില്ല. വാക്സീൻ എടുത്ത് എത്തിയാൽതന്നെ കടുത്ത ക്വാറന്‍റൈനും പാലിക്കണമായിരുന്നു. ഇതെല്ലാം നീക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. വാക്സീൻ എടുത്തവർക്കും എടുക്കാത്തവർക്കുമെല്ലാം രാജ്യത്തേക്ക് സ്വാഗതം പറഞ്ഞിരിക്കുന്നു. കടുത്ത വാക്സീൻ വിരുദ്ധനായ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് ഈ വാർത്ത അറിഞ്ഞ് ഒരുപാട് സന്തോഷിക്കുന്നുണ്ടാവും. 

കാരണം വാക്സീൻ എടുക്കാത്തതിനാൽ കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനാവാതെ തിരികെ പോരേണ്ടിവന്നിരുന്നു താരത്തിന്. ഓസ്ട്രേലിയൻ വിമാനത്താവളത്തിൽ വന്നിറങ്ങിയ ജോക്കോവിച്ചിനെ കയ്യോടെ തിരിച്ചയച്ചു. മൂന്ന് വർഷത്തേക്ക് വിലക്കുകയും ചെയ്തു. ഈ വിലക്ക് കൂടി മാറ്റിയാൽ അടുത്ത ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ചിന് കളിക്കാനാകും. അതുണ്ടാകുമെന്ന് തന്നെയാണ് ജോക്കോവിച്ചിന്‍റെ പ്രതീക്ഷയും.

ജനുവരിയിലാണ് അടുത്ത ഓസ്ട്രേലിയൻ ഓപ്പൺ നടക്കേണ്ടത്. റഫേൽ നദാലാണ് നിലവിലെ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ. മെദ്‌വെദേവിനെ തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷമായിരുന്നു നദാലിന്‍റെ തിരിച്ചുവരവ്. സ്കോർ: 2-6, 6-7, 6-4, 6-4, 6-4. ടൂർണമെന്‍റിലെ ഏറ്റവും പ്രയാസമേറിയ എതിരാളിയെയാണ് താൻ ഫൈനലിൽ മറികടന്നതെന്ന് മത്സരശേഷം നദാൽ പറഞ്ഞിരുന്നു.

Related Articles