കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഇന്ന് നിർണായകം

  • 30/07/2022



ബ‍ർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിന്‍റെ രണ്ടാം ദിനമായ ഇന്ന് ഇന്ത്യ ഇറങ്ങുന്നത് മെഡൽ പ്രതീക്ഷയോടെ. ഭാരോദ്വഹനത്തിൽ മീരാഭായി ചനുവും സങ്കേത് സാഗറും ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ്. 

2018ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ടോക്കിയോ ഒളിംപിക്സിൽ വെള്ളിയുമായി ബ‍ർമിംഗ്ഹാമിൽ ഭാരമുയർത്താൻ മീരാഭായി ചനു ഇറങ്ങുമ്പോൾ ഇന്ത്യ സ്വർണത്തിളക്കത്തിൽ എത്തുമെന്നുറപ്പ്. 49 കിലോ വിഭാഗത്തിൽ മീരാഭായിയുടെ മത്സരം തുടങ്ങുക ഇന്ത്യന്‍സമയം രാത്രി എട്ട് മണിക്കാണ്. ക്ലീൻ ആൻഡ് ജെ‍ർക്കിൽ 207 കിലോ ഉയർത്തി ലോക റെക്കോർഡ് സ്വന്തമാക്കിയ മീരാഭായിയുടെ പ്രധാന എതിരാളി നൈജീരിയയുടെ സ്റ്റെല്ല കിംഗ്സ്‍ലിയാവും. 168 കിലോയാണ് സ്റ്റെല്ലയുടെ മികച്ച പ്രകടനം. മീരാഭായിക്ക് മുൻപ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഇറങ്ങുന്ന സങ്കേത് മഹാദേവ് സാഗറിലൂടെ ഇന്ത്യ ആദ്യ മെ‍ഡൽ പ്രതീക്ഷിക്കുന്നു. 55 കിലോ വിഭാഗത്തിലാണ് സങ്കേത് ഇറങ്ങുന്നത്. 61 കിലോ വിഭാഗത്തിൽ ഗുരുരാജ പൂജാരിയും 49 കിലോവിഭാഗത്തിൽ മെഡൽ പ്രതീക്ഷയുമായി ഇറങ്ങും. 

ബോക്സിംഗിൽ ഒളിംപിക് വെങ്കല മെഡൽ ജേതാവ് ലോവ്‍ലിന ബോർഗോഹെയ്ൻ ഹുസാമുദ്ദീൻ മുഹമ്മദ്, സൻജീത് എന്നിവർ ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. ബാഡ്മിന്‍റണ്‍ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യ ഒന്നരയ്ക്ക് ശ്രീലങ്കയെയും രാത്രി പതിനൊന്നരയ്ക്ക് ഓസ്ട്രേലിയെയും ടേബിൾ ടെന്നിസിൽ പുരുഷൻമാർ വടക്കൻ അയ‍ർലൻഡിനെയും വനിതകൾ ഗയാനയെയും നേരിടും. സ്ക്വാഷിൽ ജോഷ്ന ചിന്നപ്പ, സുനൈന കുരുവിള, സൗരവ് ഘോഷാൽ എന്നിവർക്കും മത്സരമുണ്ട്.

Related Articles