ഫിഫ ലോകകപ്പ്; വിജയികളെ പ്രവചിച്ച് മുന്‍ ജര്‍മന്‍ താരം യുര്‍ഗന്‍ ക്ലിന്‍സ്മാന്‍

  • 25/08/2022



മ്യൂനിച്ച്: ലോകകപ്പിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ടീമുകളെല്ലാം. ഖത്തറും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞു. ആദ്യമായൊരു അറബ് രാജ്യം വേദിയാവുന്ന ലോകകപ്പ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് നടക്കുക. 

ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളെ പലരും പ്രവചിച്ച് കഴിഞ്ഞു. ഫ്രഞ്ച് താരം കരീം ബെന്‍സേമ പറഞ്ഞത് അര്‍ജന്റീന ലോകകപ്പ് നേടുമെന്നാണ്. ലൂക്കാ മോഡ്രിച്ചും അര്‍ജന്റീനയ്ക്കും സാധ്യയെന്ന് പ്രവചിച്ചു. ലൂയിസ് എന്റ്വികെ അര്‍ജന്റീനയെ പോലെ ബ്രസീലിനും സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ജര്‍മന്‍ മുന്‍താരം യുര്‍ഗന്‍ ക്ലിന്‍സ്മാനും തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. ബ്രസീലോ അര്‍ജന്റീനയോ കിരീടം നേടുമെന്നാണ് ക്ലിന്‍സ്മാന്റെ പ്രവചനം. ''നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പില്‍ നിന്നുള്ളൊരു ടീം ലോകകപ്പ് നേടാന്‍ സാധ്യതയില്ല. ബ്രസീലോ അര്‍ജന്റീനയോ കിരീടം നേടാനാണ് സാധ്യത. യോഗ്യതാ റൗണ്ടിലെ പ്രകനത്തിന്റെ അടിസ്ഥാനത്തില്‍ ബ്രസീലും അര്‍ജന്റീനയും മറ്റ് ടീമുകളെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഇരുടീമിലും മികച്ച താരങ്ങളുണ്ട്. ലിയോണല്‍ മെസ്സിയുടെ സാന്നിധ്യം അര്‍ജന്റനീയ്ക്ക് ഇരട്ടി ഊര്‍ജം നല്‍കുന്നുണ്ട്.'' ക്ലിന്‍സ്മാന്‍ പറഞ്ഞു.

ജര്‍മന്‍ ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ ക്ലിന്‍സ്മാന്‍ 108 മത്സരങ്ങളില്‍ നിന്ന് 47 ഗോള്‍ നേടിയിട്ടുണ്ട്. 1990ല്‍ ലോകകപ്പും 1996ല്‍ യൂറോകപ്പും നേടിയ ജര്‍മ്മന്‍ ടീമിലെ അംഗമായിരുന്നു. 2006 ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ ജര്‍മ്മന്‍ ടീന്റെ പരിശീലകനും ക്ലിന്‍സ്മാനായിരുന്നു. 

Related Articles