ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ? ❤

  • 26/04/2020

"ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ?പക്ഷേ വലിയ വിലകൊടുക്കേണ്ടി വന്നാലോ ?"എന്ന പരസ്യ വാചകം കേൾക്കാത്തവർ ചുരുക്കമാണ് ,ഇനി കാര്യത്തിലേക്ക് വരാം .സന്തോഷത്തിന് വേണ്ടി മാത്രമാണ്  മനുഷ്യൻ എല്ലാ കാര്യങ്ങളും ചെയ്യുന്നതു .അതിന് വേണ്ടിയുള്ള ഓട്ടത്തിൽ എലികളോടാണോ അതോ ദിനോസറുകളോടാണോ മത്സരിക്കേണ്ടത് എന്നത് നിങ്ങൾ തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് അക്കാര്യം ഉല്ലാസത്തോടെ ചെയ്തുകൂടെ ?അഥവാ ജീവിതത്തിന്റെ ഭൂരിഭാഗ സമയവും നിങ്ങൾ ഇത്തരം ഓട്ടത്തിലാണെന്ന് കരുതുക അത്തരം ജീവിത സാഹചര്യത്തിൽ നിങ്ങൾ പറയുക ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ഉല്ലസിക്കാൻ സാധിക്കുന്നില്ല എന്നായിരിക്കും .മത്സരം തീരുമ്പോഴോ അതിൽ നിന്നും പുറത്തിറങ്ങുമ്പോഴോ പങ്കെടുക്കാനുള്ള ശേഷിയില്ലാതാവുമ്പോഴോ ഉല്ലസിക്കാൻ സമയം കണ്ടെത്താനാകുമെന്നു തോന്നാം .എന്നാൽ ദുരിതത്തിൽ ജീവിക്കാനുള്ള വിട്ടു വീഴ്ച മാത്രമാണത് .
            നിങ്ങൾ എന്തു ചെയ്‌യുന്നു അല്ലെങ്കിൽ എന്തു ചെയ്‌യുന്നില്ല എന്നതിനെ അടിസ്ഥാനമാക്കിയല്ല ഉല്ലാസത്തെ കണക്കാക്കുന്നത് .നിങ്ങളുടെ ഉള്ളിൽ നിങ്ങൾ എങ്ങനെയാണോ അതാണ് ശരിക്കും ഉള്ള ഉല്ലാസം അഥവാ സന്തോഷം .
മനസ്സും വികാരവും നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെങ്കിൽ അവ നിങ്ങളുടെ ഉള്ളിൽ നിന്നാണ് നിർദേശങ്ങൾ സ്വീകരിക്കുന്നത് എങ്കിൽ നിങ്ങൾ തീർച്ചയായും സ്വയം സന്തോഷിക്കും .ഇവിടെ വിഷയം സന്തോഷത്തിന്റെയോ സങ്കടത്തിന്റെയോ അല്ല .നിങ്ങളുടെ മനസ്സ് നിയന്ത്രണാതീതമാണോ അതോ നിങ്ങളുടെ നിയന്ത്രണത്തിലാണോ എന്നത് മാത്രമാണ് .മനസ്സ് നിയന്ത്രണത്തിൽ ആണെങ്കിൽ ,നിങ്ങൾ തീർച്ചയായും നിങ്ങളുടെ ഉള്ളിൽ സന്തോഷ കരമായ ഒരു സാഹചര്യം സൃഷ്ടിക്കും .സാഹചര്യങ്ങൾ  നിയന്ത്രണാതീതമാകുന്നത് കൊണ്ടാണ് ഉള്ളിലെ സ്ഥിതി ഒട്ടും സന്തോഷകരമാകാത്തതു .
              ഒരു കാര്യം തീർച്ചയാണ് ഏതൊക്കെ തരത്തിൽ ശ്രമിച്ചാലും ഒരു പരിധിവരെ മാത്രമേ ബാഹ്യ സാഹചര്യങ്ങളെ നിയന്ത്രിക്കാൻ കഴിയൂ .ജീവിത ഓട്ടത്തിനിടയിലാണെകിലും അല്ലെങ്കിലും പുറത്തുള്ള സാഹചര്യങ്ങൾ നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ചു ഒരു പരിധി വരെ മാത്രമേ സംഭവിക്കു .അത് എന്ത് തന്നെ ആയാലും ഒരിക്കലും നൂറ് ശതമാനം ആഗ്രഹിക്കുന്ന രീതിയിൽ സംഭവിക്കില്ല .
ബാഹ്യ സാഹചര്യങ്ങൾ നിങ്ങളുടെ മാനസികാവസ്ഥയെ അമിതമായി ബാധിക്കുന്നുണ്ടെകിൽ സന്തോഷം നിങ്ങൾക്ക് അപൂർവമായി മാത്രം ലഭിക്കുന്ന ഒന്നായിരിക്കും .നിങ്ങൾക്ക് നിയന്ത്രിക്കാനാകാത്ത നിരവധി ഘടകങ്ങളെയാണ്  ബാഹ്യ സാഹചര്യങ്ങൾ എന്ന് വിളിക്കുന്നത് .എന്നാൽ അകത്തു 'നിങ്ങൾ 'മാത്രമേയുള്ളൂ .അവിടെ ഇഷ്ടമുള്ള രീതിയിൽ മാറ്റങ്ങൾ വരുത്താനുള്ള സാധ്യത നിങ്ങൾക്കുണ്ട് .ആഗ്രഹിക്കുന്ന രീതിയിൽ അതിനെ നില നിർത്തിയാൽ ,തീർച്ചയായും സന്തോഷം നിറയും .
നമുക്ക് ആവശ്യമുള്ള രീതിയിൽ ബാഹ്യ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ആധുനികമായ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഇന്നത്തെ കാലത്തുണ്ട് .അതുപോലെ നമ്മുടെ ഉള്ളിലെ സാഹചര്യങ്ങൾ നമുക്ക് ആവശ്യമുള്ള രീതിയിൽ ഒരുക്കിയെടുക്കാൻ ഒരു ശാസ്ത്ര വിദ്യയുമുണ്ട് .ശരീരികവും മാനസികവുമായ ആന്തരിക ക്ഷേമത്തിനായി നമുക്ക്‌ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുവാൻ കഴിയും .അത് മാത്രമല്ല പ്രാചീന കാലം മുതൽ നിലനിൽക്കുന്ന മഹത്തായ യോഗയുടെ പാരമ്പര്യത്തിലുള്ള ശാസ്ത്ര വിദ്യകൾ ;ആന്തരിക സാഹചര്യങ്ങളെ ആഗ്രഹിക്കുന്ന വിധത്തിൽ സൃഷ്ടിക്കാവുന്ന രീതിയിലുള്ളവയാണ് .ഈ സാങ്കേതിക വിദ്യ നിത്യേന അഭ്യസിക്കുകയും ശീലിക്കുകയും ചെയ്താൽ നിങ്ങളുടെ ഉള്ളിൽ  സ്വോഭാവികമായും സന്തോഷിക്കണോ അതോ ദു:ഖിക്കണോ എന്ന ചോദ്യം ഒരിക്കലും ഉദിക്കുന്നില്ല .കാരണം അങ്ങനെയുള്ള സാഹചര്യങ്ങളിൽ നിങ്ങൾ തിരഞ്ഞെടുക്കുന്നത് തീർച്ചയായും സന്തോഷത്തോടെ സ്വയം നിലനിൽക്കാൻ ആയിരിക്കും .ദുഃഖമോ ഉദാസീനതയോ ഭയമോ അസൂയയോ അഥവാ ദയനീയതയോ അല്ല .അതിനാൽ എല്ലായിപ്പോഴും നിങ്ങളുടെ ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ചു മത്സരത്തിനുള്ളിലാണോ അതോ പുറത്താണോ എന്നത് ഇവിടെ പ്രശ്നമല്ല .
                നിങ്ങളുടെ ആഗ്രഹത്തിനും നിർദേശത്തിനും അനുസരിച്ചു നിങ്ങളുടെ ശരീരം ,മനസ്സ് ,വികാരം ,ഊർജം എന്നിവ നിങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കുന്നുണ്ടോ അതോ ബാഹ്യസാഹചര്യങ്ങളോടുള്ള നിർബന്ധിത പ്രതികരണത്തിൽ അവ സ്വയം നടക്കുകയാണോ എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം .
എല്ലായ്പ്പോഴും ഓർക്കാവുന്ന ഒരു സെൻ കഥയുണ്ട് .ഒരിക്കൽ ഒരു ശിഷ്യൻ കുറേക്കാലം ധ്യാനിക്കാൻ ശ്രമിച്ചതിന് ശേഷം യാതൊന്നും സംഭവിക്കുന്നില്ലെന്നു കണ്ട് ഗുരുവിനടുത്തേക്കു ചെന്ന് വികാരാധീതനായി പറഞ്ഞു ,"ഗുരോ ,ഒരു പാട് നാളായി അങ്ങ് നിർദേശിച്ചത് പോലെ തന്നെ ഞാൻ ധ്യാനം ശീലിക്കുന്നു .പക്ഷേ ഇതുവരേക്കും യാതൊരു ഗുണവുമുണ്ടായില്ല ."ഗുരു ശാന്തമായി പറഞ്ഞു "ഇതും കടന്നു പോകും .ശിഷ്യൻ മുറുമുറുത്തുകൊണ്ടുപോയി ധ്യാനം തുടർന്നു .കുറേ നാളുകൾക്കു ശേഷം അവനിലെ ചിന്തകൾ അടങ്ങാൻ തുടങ്ങി ,അവനിൽ ഇടയ്ക്കിടെ ശാന്തിയുടെ ഓളങ്ങൾ ഉയരാൻ തുടങ്ങി .ഒരുദിവസം അവൻ ഏറെ സന്തോഷത്തോടെ ഗുരുവിന്റെ അടുത്തു വന്ന് പറഞ്ഞു "ഗുരോ ഞാൻ ധ്യാനമെന്താണെന്നു അറിയാൻ തുടങ്ങിയിരിക്കുന്നു .ഗുരു ശാന്തമായി പറഞ്ഞു "ഇതും കടന്നു പോകും ".

Related Blogs