കോവിഡാനന്തര ലോകത്തെ പ്രവാസത്തെ കുറിച്ചുള്ള ആലോചനകള്‍

  • 03/07/2020

പ്രവാസ ജീവിതത്തിന് മേല്‍ കടുത്ത മങ്ങലും സമ്മര്‍ദ്ദവും ആകുകയാണ് കോവിഡ് 19, പേർഷ്യൻ യുദ്ധകാലങ്ങളിലും, ആഗോള സാമ്പത്തിക മാന്ദ്യത്തിലും വിറങ്ങലിച്ചതിനേക്കാളെറെ വലിയൊരു മാറ്റമാണ് പ്രവാസി മലയാളി ഇനി നേരിടാൻ പോകുന്നത്. തിരിച്ചുവരവില്‍ ഇതുവരെ കാണാത്തത്ര വലിയ ഒഴുക്ക് പ്രവാസി മലയാളികള്‍ നിന്നും ഉണ്ടാകുമെന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. ലോകത്ത് സാമ്പത്തിക മാന്ദ്യം ശക്തിപ്രാപിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി കടന്നു വന്നതാണ് കൊവിഡ് 19. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, ആഗോളതലത്തിൽ സർവ മേഖലകളെയും ഈ മഹാമാരി ബാധിച്ചു. ഏതെല്ലാം മേഖലകളെയാണ് കോവിഡ് ബാധിച്ചത് എന്ന് എണ്ണിത്തിട്ടപെടുത്താൻ ആകാത്തത്ര ആഴം ഉണ്ടായിട്ടുണ്ട്. പുറത്തിറങ്ങാൻ കഴിയാതെ കുട്ടികൾ വിഷമിക്കുന്നു, കായിക ക്ഷമത ഇല്ലാതെ ഒരു രോഗത്തിൽ നിന്നും മറ്റൊരു രോഗത്തിലേക്കു ജനങ്ങൾ പതിക്കുന്നു. എന്നാണ് ഇതിനൊരു അറുതി ഉണ്ടാകുകയെന്ന ഉത്കണ്ട എല്ലാ മുഖങ്ങളിലും വ്യക്തമാണ്. ഉത്കണ്ഠകൊണ്ടുണ്ടാകുന്ന വിഭ്രാന്തിയിൽ ആത്മഹത്യയിലേക്ക് പോകുന്നവരും ഇല്ലാതില്ല… അതിനിടയിൽ നാട്ടിലകപ്പെട്ട പ്രവാസികൾക്ക് എങ്ങനെയെങ്കിലും ഒന്ന് തിരിച്ചെത്തിയാൽ മതിയെന്ന വിചാരമാണ്. കയ്യിൽ കാശില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന നിലയാണ് നാട്ടിലുള്ള പ്രവാസിയെ ആ നിലയ്ക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതെങ്കിൽ എങ്ങനെയെങ്കിലും ഒന്ന് നാട് പിടിക്കണമെന്ന് ഉള്ളുരുകി ചിന്തിക്കുന്ന പ്രവാസികളാണ് ഈ സൈകതത്തിലുള്ളത്.പ്രവാസികൾ തിരിച്ചു വരുന്നതും ജീവിത ദുരിതവും കേരളത്തെ രണ്ട് തരത്തില്‍ ബാധിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ വരുമാനത്തിലും ഉല്‍പ്പാദനത്തിലും കുടിയേറ്റ തൊഴിലാളികളുടെ പങ്ക് നിര്‍ണായകമാണ്. കേരളത്തില്‍ നിന്നുള്ളവര്‍ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക സർവ്വോപരി ഗള്‍ഫ് നാടുകളിലും തൊഴില്‍ കുടിയേറ്റം നടത്തിയപ്പോള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ജീവിതമാര്‍ഗം തേടി കേരളത്തിലേക്ക് വരുകയും ചെയ്തു എന്ന വിപര്യയം കേരളത്തിനുണ്ട്.പ്രവാസി മലയാളികളുടെ തിരിച്ചുവരവും അവരുടെ പുനരധിവാസവും കൊവിഡാനന്തര കേരളത്തിന്റെ പുതിയ വെല്ലുവിളികളും പ്രതിസന്ധികളുമായിരിക്കും സൃഷ്ടിക്കുന്നതെങ്കിൽ മറുഭാഗത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്ക് സാമൂഹിക, തൊഴില്‍ മേഖലകളില്‍ പുതിയൊരു സങ്കീര്‍ണ്ണാവസ്ഥ സംജാതമാക്കും. കേരള ചരിത്രത്തില്‍ ഇത്രയധികം ആളുകള്‍ കേരളത്തിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നത് ഇതാദ്യമായാട്ടാണ്, 2003ലും 2008ലുമാണ് കേരളത്തിലേക്ക് പ്രവാസികളുടെ മടങ്ങിവരവ് ശക്തമായിട്ടുണ്ടായത്. ഗൾഫ് യുദ്ധം സൃഷ്ടിച്ച സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലാണ് ആദ്യത്തേതെങ്കിൽ സബ്പ്രൈം മോർട്ട്ഗേജ് പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ ലോകത്ത് തൊഴില്‍ നഷ്ടമായ സ്ഥിതിയായിരുന്നു രണ്ടാമത്തേത്. അതിൽ നിന്നെല്ലാം കരകയറിയപ്പോൾ വീണ്ടുമൊരു ദുഷ്‌ക്കരമായ സാഹചര്യം പ്രവാസിയെയും കാലാവസ്ഥാ ദുരിതം പേറുന്ന കേരളത്തെയും പിടിച്ചുലയ്ക്കുകയാണ് . ഇവിടെ നിന്നാണ് കോവിഡാനന്തര ലോകത്തെ പ്രവാസത്തെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങുന്നത്.

കലാശ്രീ അഷ്‌റഫ് കാളത്തോട് 

Related Blogs