ഇരുണ്ട മൗനം : കവിത അഷ്‌റഫ് കാളത്തോട്

  • 26/09/2020

കുറച്ചുനേരമായ് പുഴകൾക്കപ്പുറം 
മേയും പശുക്കളെ നോക്കിയിരിപ്പു നാം.. 
അവനടന്നു തീരാത്ത കുന്നുകൾ മുകളിൽ 
പാറുന്ന പക്ഷികൾ കൗതുകം 
ജനലിൽ മൗനം പിടിച്ചുനിൽക്കുന്ന നമുക്കു 
പറയുവാൻ പലതുമുണ്ടെങ്കിലും.. 
ജനലിനപ്പുറം കാഴ്ചകൾ നമ്മളെ 
ഇരുണ്ട മൗനത്തിൽ പിടിച്ചുനിർത്തുന്നു..
രാത്രിയെത്തുന്നു എന്ന് പേടിച്ചു 
കടലിൽ ചാടി ഒളിക്കും പ്രഭാകരൻ 
മനസ്സു പൂട്ടുവാന്‍ ഒരുങ്ങി നമ്മുടെ 
പിടിവാശിപ്പതാക പാറുന്നു വിണ്ണിലും.. 
മനസ്സിലെ നന്മക്കിളികളൊക്കെയും 
ഹൃദയം വിട്ടെങ്ങോ പറന്നു പോവുന്നു.. 
അറിഞ്ഞു പരസ്പരം വിടപറയുവാൻ 
ഇനി നിമിഷങ്ങൾ മാത്രമെണ്ണുന്നു..
ഒരു നിമിഷം മറന്നു പശുവിൻ്റെ 
മിഴികളില്‍ പുല്ല് നഷ്ടപ്പെടുന്നുവോ?
മുറുകിയോ ശക്തി നേടുന്നിടയ്ക്കപോൽ 
മിടിയ്ക്കും നെഞ്ചിന്റെ അളവ് കൂടുന്നു 
താളസംഗീതമേറും നിശ്വാസ വായു 
പിറകിൽ നിന്നാലിംഗനം ചെയ്‌വൂ..
പശു നടന്ന വഴികളിരുളുന്നു 
നമുക്ക് മുൻപിലൊരു ചന്ദ്രൻ വിരിയുന്നു..
മുല്ല പൂക്കുന്ന കരള് നനയുന്നു 
ഹൃദയ കറകളാ അശ്രു കഴുകുന്നു .
ചിറകു വിടർത്തിയ ഇണക്കിളികൾ  
തൻ ഹൃദയരേഖകള്‍ മാറിമറിയുന്നു..
സ്വർണ്ണകേര നീരില്‍ തളിർത്ത നിന്‍
ചുണ്ടുകൾ സ്നേഹ തേൻ ചുരത്തുന്നു  
വിടർന്ന വിരലുകൾ പകരും കിരണങ്ങൾ 
വപുഃസ്സു മൊത്തവും മേഞ്ഞു ഗോവ് പോൽ 
അതിൽ തളിർത്തെന്റെ മേനിച്ചില്ലകള്‍ 
രക്തവർണ്ണം പടർന്ന സന്ധ്യകള്‍.
കടലിൻ പ്രണയത്തിൽ മുങ്ങി പകലുകൾ 
കടുത്ത രാത്രികള്‍ ഇരുണ്ട ചുമരുകള്‍.
കറുത്ത മേഘത്തിലപ്പോഴുമുദിക്കുന്നു
കരുണവറ്റാത്ത പ്രണയ സാന്ത്വനം.
അതിൻ്റെ മൃദുലാവേശത്തിൽ ഒഴുകിയെൻ 
പ്രണയ പ്രാണൻറെ സായൂജ്യ സാഗരം..
തീരത്തുടഞ്ഞു തീരും  രതിതിരമാല
നിറമിഴിയിലാശ്വാസം പാകുന്നു..

Related Blogs