മരണമല്ല,ജീവിതമാണ് ഹീറോയിസം (ലോക മാനസികാരോഗ്യ ദിനം)

  • 10/10/2020

ഇന്ന് ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം. ”എല്ലാവർക്കും മാനസികാരോഗ്യം മികച്ച നിക്ഷേപം - മികച്ച ആക്സസ്” എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം .ഇന്ത്യയിൽ 15 കോടി ആളുകൾ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് കണക്കുകൾ. പതിനഞ്ചിനും 39നും ഇടയിൽ പ്രായമുള്ളവരിലാണ് ആത്മഹത്യകൾ ഏറിയ പങ്കും നടക്കുന്നത്. ആത്മഹത്യാശ്രമങ്ങൾ കൂടുതൽ നടത്തുന്നത് സ്ത്രീകളാണെങ്കിലും ആത്മഹത്യയിൽ മരിക്കുന്നവരിൽ കൂടുതൽ പുരുഷന്മാരാണ്.മൊത്തെ ജനസംഖ്യയുടെ പത്ത് ശതമാനത്തിലേറെ പേർ ചികിത്സിക്കേണ്ടുന്ന തരത്തിൽ മാനസിക പ്രശ്നങ്ങൾ (ഉത്കണ്ഠാരോഗം, വിഷാദം തുടങ്ങിയവ അതിൽ ചിലത് മാത്രം) നേരിടുന്നുണ്ട്. എന്നാൽ ഇവരിൽ പത്ത് ശതമാനം പേർക്ക് മാത്രമാണ് ചികിത്സ ലഭ്യമാവുന്നത്. പ്രശ്നങ്ങൾ തിരിച്ചറിയാൻ വൈകുന്നതും, മാനസികാരോഗ്യത്തെ കുറിച്ച് അവബോധം ഇല്ലാത്തതും, വേണ്ടത്ര ചികിത്സാ സൗകര്യങ്ങളില്ലത്തതും ഇതിലൂടെ ചികിത്സ വൈകുന്നതും ഗുരുതരമായ മറ്റ് പ്രശ്നങ്ങളിലേക്ക് വഴിയൊരുക്കുന്നു.
 
ലോകാരോഗ്യ സംഘടനയുടെതന്നെ വിലയിരുത്തലിലേക്ക് പോകാം. 'വ്യക്തി അവന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് ജീവിതത്തിലെ മനഃസംഘർഷങ്ങളെ അതിജീവിക്കുക, നിർമാണാത്മകമായി പ്രവർത്തിക്കുക ഇങ്ങനെ തന്റെ ജീവിതത്തിനും സമൂഹത്തിനും എന്തെങ്കിലും സംഭാവനകൾ നൽകുക. ഇതാണ് മാനസികാരോഗ്യം.'കൂടുതൽ വ്യക്തവും കൃത്യവുമായ മാനസികാരോഗ്യ ബോധവത്കരണ പരിപാടികളിലൂടേയും മാനസികാരോഗ്യ പ്രവർത്തനങ്ങളിലൂടേയും മാത്രമേ മനസികപ്രശ്നങ്ങളെ മറികടക്കാനാവൂ എന്നതാണ് വാസ്തവം.
 
സിഗ്മണ്ട് ഫ്രോയ്ഡിനോട് ഒരിക്കൽ ഒരാൾ ചോദിച്ചു: ‘‘എന്താണ് ഒരാളെ സന്തോഷവാനാക്കുന്നത്?’’ സ്നേഹവും ജോലിയുമെന്നായിരുന്നു മറുപടി. ബന്ധങ്ങളിലെ ഇഴയടുപ്പവും സ്നേഹവും പരിഗണനയും പോലെതന്നെ പ്രധാനമാണു ജോലി നൽകുന്ന സംതൃപ്തിയുൾപ്പെടെയുള്ള കാര്യങ്ങളും. ജോലിയുടെ പിരിമുറുക്കം പേറുമ്പോൾ മാനസികാരോഗ്യം ഇടറിവീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. ചെയ്യുന്ന ജോലി ഇഷ്ടപ്പെട്ടു ചെയ്യുക, കഷ്ടപ്പെട്ടു ചെയ്യരുത്. തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുകയും വേണം. ആഗ്രഹിച്ച ജോലിതന്നെ പലപ്പോഴും ലഭിക്കണമെന്നില്ല. പക്ഷേ, അതോർത്തു വിഷമിച്ചുകൊണ്ടിരുന്നാൽ സന്തോഷം കൈവിട്ടുപോകും. അതേസമയം, അമിതമായ ജോലി ആഭിമുഖ്യവും അടിമത്തവും വേണ്ട.
 
ജീവിതവും ജോലിയും സന്തുലിതമായി കൊണ്ടുപോകാൻ പഠിക്കുക. ജോലിസ്ഥലത്തെ ചിരിയും തമാശയും അമളിയുമൊക്കെ ആസ്വദിക്കുക, പങ്കുവയ്ക്കുക, ഓർത്തു ചിരിക്കുക. ഇതെല്ലാം പിരിമുറുക്കം കുറയ്ക്കാനുള്ള മരുന്നാണ്. സഹപ്രവർത്തകരുമായി ഊഷ്മളബന്ധം കാത്തുസൂക്ഷിക്കുക. ഇവരുടെ കുടുംബവുമായി തങ്ങളുടെ കുടുംബത്തെ പരിചയപ്പെടുത്തുക, സുഹൃദ്ബന്ധം വളർത്തുക.
ജോലിയാണ്, തിരക്കാണ് തുടങ്ങിയ ന്യായീകരണങ്ങൾ നിരത്തി ആരോഗ്യം മറക്കരുത്. വ്യായാമത്തിനു സമയം കണ്ടെത്തണം. യോഗ ചെയ്യാം, ധ്യാനിക്കാം, ശ്വസന വ്യായാമങ്ങൾ പരിശീലിക്കാം. കുടുംബവുമായുള്ള യാത്രകളും ഒരുമിച്ചുള്ള പരിപാടികളും കഴിവതും ഒഴിവാക്കരുത്. കഴിവുകൾ നശിപ്പിച്ചുകളയരുത്. പാട്ടോ നൃത്തമോ ഉപകരണ സംഗീതമോ കായിക വിനോദമോ എന്തായാലും അതിനെ പ്രോൽസാഹിപ്പിക്കാനും സമയം കണ്ടെത്താം. പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും സമയമുണ്ടാകണം. പ്രകൃതി ഏറ്റവും വലിയ ഔഷധമാണല്ലോ. ഉറക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല.

ജോബി ബേബി ,നേഴ്സ് ,കുവൈറ്റ്

Related Blogs