ജനഹൃദയങ്ങളില്‍ നിത്യസ്മരണയായി സ്നേഹനിധിയായിരുന്ന അമീര്‍

  • 14/10/2020

''Whenever you add value to other people's lives, you are unknowingly leaving footprints on the Sands of time that live on, even after your demise'' - Emeasoba George

ഏറെ അര്‍ത്ഥവത്തായതും ആശയ സമ്പന്നവുമായ ഒരു ആപ്ത വാക്യമാണിത്. അന്തരിച്ച ഹിസ് ഹൈനസ് ശെയ്ഖ് സബാഹ് അല്‍ അഹമദ് ജാബിര്‍ അല്‍ സബാഹിന്റെ  ജീവിതവും വേര്‍പാടും നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും അതു തന്നെയാണ്. തന്റെ വിശ്രുതമായ ജീവിത യാത്രയില്‍ ചെയ്തു വെച്ച ഹൃദയം തൊട്ടറിഞ്ഞ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന്റെ വിടവാങ്ങലിന് ശേഷവും ജനഹൃദയങ്ങളില്‍ നിത്യസ്മരണകളായി തങ്ങി നില്‍ക്കുന്നത്.

കാരുണ്യത്തിന്റെയും നന്മയുടെയും പ്രതീകമായിരുന്ന,
സ്വദേശികള്‍ക്കെന്ന പോലെ വിദേശികള്‍ക്കും പിതൃതുല്യനായിരുന്ന, തങ്ങളുടെ പ്രിയപ്പെട്ട അമീറിന്റെ മഖ്ബറ സന്ദര്‍ശിക്കാനും മഹാനവര്‍കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും, കുവൈത്തിലെ സുലൈബിക്കാത്ത് ഖബര്‍സ്താനിലേക്ക് രാഷ്ട്ര നേതാക്കന്‍മാരും, നയതന്ത്രഞ്ജരും, മുതിര്‍ന്നവരും കുട്ടികളുമടക്കമുളള സന്ദര്‍ശകരുടെ പ്രവാഹമാണ്.

ജീവിത കാലത്ത് നിര്‍വഹിക്കപ്പെട്ട നന്മകളുടെയും സല്‍കര്‍മ്മങ്ങളുടെയും മാത്രം ബാക്കി പത്രവുമായാണ്, പെട്രോളിയം നിക്ഷേപത്താല്‍ സമ്പന്നമായ ഈ നാടിന്റെ നായകനും തന്റെ രാജകൊട്ടാരത്തില്‍ നിന്നും ആറടി മണ്ണിലേക്ക് യാത്രയായത്.

അറബ് ലോകത്തെ സമാധാനത്തിന്റെ അംബാസഡറായാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. പ്രതിസന്ധികളിലും പ്രക്ഷുബ്ദമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിലും അദ്ദേഹത്തിന്റെ മെയ് വഴക്കത്തോടെയുളള ഇടപെടലുകള്‍  സമാധാനകാംക്ഷികള്‍ക്ക് എന്നും ഒരാശ്രയവും പ്രതീക്ഷയുമായിരുന്നു.

ആഭ്യന്തര യുദ്ധങ്ങള്‍ മൂലവും മറ്റും, സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന രാജ്യങ്ങളിലെ പട്ടിണി പാവങ്ങളെ സഹായിക്കാനും, മറ്റു രാജ്യങ്ങളുമായി സഹകരിച്ച് പദ്ധതികള്‍ തയ്യാറാക്കുന്നതിലും അദ്ദേഹത്തിന്റെ പ്രത്യേക താത്പര്യം പ്രശംസനീയമായിരുന്നു. 

വിദ്യാഭ്യാസ രംഗത്തും, ആരോഗ്യ മേഖലയിലും, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കും, 
ദാരിദ്ര്യനിര്‍മ്മാജനത്തിനും അദ്ദേഹത്തിന്റെ അകമഴിഞ്ഞ സഹായവും ശ്രദ്ധയും ലോകത്തിന് തന്നെ മാതൃകയായിരുന്നു.

ആഭ്യന്തര ഉത്പാദനത്തിന്റെ തോത് നിര്‍ണ്ണയിക്കുന്ന GDP യും, ശാസ്ത്രസാങ്കേതിക വിദ്യകളും, സൈനിക ശക്തിയും മാത്രം ഒരു രാജ്യത്തിന്റെ പുരോഗതിയുടെ അളവുകോലായി കാണുന്ന ഈ ആധുനിക യുഗത്തില്‍ രാജ്യത്തെ ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും,സമാധാനവും,സുരക്ഷിതത്വവുമാണ് യഥാര്‍ത്ഥ പുരോഗതിയെന്ന മഹത്തായ സന്ദേശമാണ് അദ്ദേഹം ലോകത്തിന് നല്‍കിയത്.

"ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക എങ്കില്‍ ആകാശത്തുളളവന്‍ നിങ്ങളോട് കരുണ കാണിക്കും" എന്ന പുണ്യ നബി (സ) തങ്ങളുടെ അധ്യാപനം ജീവിതത്തില്‍ പകര്‍ത്തിയാണ് സ്നേഹനിധിയായിരുന്ന അമീര്‍ ഈ ലോകത്തോട് വിട പറഞ്ഞത്.
നാഥന്‍ അനശ്വരമായ സുഖാനുഭൂതികളുടെ സ്വര്‍ഗ്ഗീയ ലോകത്ത് ഉന്നതമായ സ്ഥാനം നല്‍കി അനുഗ്രഹിക്കട്ടെ!

നിസാർ അലങ്കാർ കുവൈറ്റ്. 

Related Blogs