പൊരുതാം….പോരാടാം…. (ലോക എയ്ഡ്സ് ദിനം )

  • 01/12/2020

എല്ലാ വർഷവും ഡിസംബർ 1 എയ്ഡ്സ് ദിനമായി ലോകമെങ്ങും ആചരിക്കുകയാണ്. മനുഷ്യരാശിയെ തന്നെ ഭീതിയിലാഴ്ത്തിയ ഈ മഹാവിപത്തിൽ നിന്നും ലോകത്തെ രക്ഷിക്കുന്നതിനും HIV രോഗബാധിതരായവർക്ക് സ്വാന്തനമേകുന്നതിനും വേണ്ടിയാണ് ലോകാരോഗ്യ സംഘടന (WHO) ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നത്.എച്ച് ഐ വി യെക്കുറിച്ചും അത് എങ്ങനെ പടരുന്നുവെന്നതിനെക്കുറിച്ചും അവബോധം വളർത്തുക,വൈറസിനെതിരെ ആളുകളെ ഒന്നിച്ച് ചേർക്കുക, ഈ അസുഖം മൂലം മരണ മടഞ്ഞവരെ അനുസ്മരിക്കുക,  നിലവിൽ രോഗം ബാധിച്ച ആളുകൾക്ക് പിന്തുണ കാണിക്കുക, ലോകമെമ്പാടുമുള്ള പൗരന്മാരേയും സർക്കാർ ഏജൻസികളേയും  ആരോഗ്യ ഏജൻസികളേയും ബോധവത്കരിക്കുക,എയ്ഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ചു രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയ്ഡ്സിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പു വരുത്തുക തുടങ്ങിയവ ഈ ദിനത്തിൽ പ്രധാനമായും ചെയ്ത് വരുന്നു .

ലോക എയ്ഡ്സ് ദിനത്തിന്റെ ആരംഭം:-

1987 ൽ തോമസ് നെറ്ററും ജെയിംസ് ബണ്ണും ചേർന്നാണ് ലോക എയ്ഡ്സ് ദിനം എന്ന ആശയത്തിന് തുടക്കം കുറിച്ചത്. എച്ച് ഐ വി വൈറസിനെ ലോക ശ്രദ്ധയിൽ പെടുത്തുന്നതിനും രോഗത്തെക്കുറിച്ചുള്ള ചില മിഥ്യാധാരണകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതുമായിയാണ് അവർ ഇത് ആവിഷ്കരിച്ചത്.ഒടുവിൽ അവർ തങ്ങളുടെ ആശയം അക്കാലത്ത് എയ്ഡ്സ് സംബന്ധിച്ച ആഗോള പ്രോഗ്രാം ഡയറക്ടറായിരുന്ന ഡോക്ടർ ജോനാഥൻ മാന് നൽകി.അദ്ദേഹം ഉടൻ തന്നെ ഈ ആശയം അംഗീകരിക്കുകയും ആദ്യത്തെ ലോക എയ്ഡ്‌സ് ദിനം 1988 ഡിസംബർ 1 ന് നടക്കണമെന്ന ശുപാർശ നൽകുകയും ചെയ്തു.ഈ തീയതി തിരഞ്ഞെടുത്തത് അർഹമായ മാധ്യമശ്രദ്ധ നേടാൻ ഈ ദിവസത്തെ അനുവദിച്ചുവെന്ന് ഡോക്ടർ പിന്നീട് വിശദീകരിക്കുകയുണ്ടായി .പ്രവർത്തനത്തിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ, ലോക എയ്ഡ്‌സ് ദിനത്തിൽ കുട്ടികളെ ഒന്നാം വർഷത്തേയും ചെറുപ്പക്കാരെ രണ്ടാം വർഷത്തിന്റെ പ്രമേയമായും അവതരിപ്പിക്കുന്നതിനെ കുറിച്ച് ധാരാളം വിമർശനങ്ങൾ ലഭിച്ചു.ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിച്ചത് എല്ലാ പ്രായത്തിലെയും പശ്ചാത്തലത്തിലെയും ആളുകൾക്ക് ഈ രോഗം പിടിപെടാമെന്ന വസ്തുതയായിരുന്നു .1995 മുതൽ മാറി മാറി വരുന്ന ഓരോ അമേരിക്കൻ പ്രസിഡന്റും ലോക എയ്ഡ്‌സ് ദിനത്തെക്കുറിച്ച് ഒരു പ്രഖ്യാപനം നടത്തി.1996-ൽ ഗ്ലോബൽ പ്രോഗ്രാം ഓഫ് എയ്ഡ്സ് എച്ച്.ഐ.വി, എയ്ഡ്സ് എന്നത്‌ സംയുക്ത ഐക്യരാഷ്ട്ര പദ്ധതിയായി മാറി.ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമോഷനും ആസൂത്രണവും ഈ പദ്ധതിയിലൂടെ ഏറ്റെടുത്തു.പ്രതിരോധത്തിന്റെയും പ്രമോഷന്റെയും ശ്രമങ്ങൾ എല്ലാ വർഷവും ഈ ദിനത്തിൽ സംഘടിപ്പിക്കാൻ ധാരണയായി .എട്ട് വർഷത്തിന് ശേഷം ലോക എയ്ഡ്സ് പ്രചാരണം ഒരു സ്വതന്ത്ര സംഘടനയായി.

എയ്ഡ്സ് ഇന്ന് :-

2030ഓടെ എച്ച്‌ഐവി വൈറസ് ഇല്ലാതാക്കുക എന്നതാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. ലോകാരോഗ്യസംഘടനയുടെ 2019 ലെ കണക്കുകൾ പ്രകാരം എയ്ഡ്സ് കണ്ടുപിടിക്കപ്പെട്ടത് മുതൽ ഏകദേശം 75 മില്യൺ ആളുകളിൽ HIV വൈറസ് ബാധിച്ചിട്ടുണ്ട്. HIV ബാധിച്ച് ഏതാണ്ട് 32 മില്യൺ ആളുകൾ ഇതുവരെ മരണത്തിനു കീഴടങ്ങിയിട്ടുമുണ്ട്. മറ്റൊരു ഭയപ്പെടുത്തുന്ന വസ്തുത, എയ്ഡ്സ് രോഗവുമായി ജീവിക്കുന്ന 75 ശതമാനം ആളുകൾക്ക് മാത്രമാണ് തങ്ങൾക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞിട്ടുള്ളവർ. കൃത്യമായ പരിശോധന നടത്തത്തതിനാൽ ഏകദേശം 9.4 ദശലക്ഷം പേർക്ക് തങ്ങൾ HIV പോസിറ്റീവ് ആണെന്ന കാര്യം അറിയില്ല എന്നതും ഞെട്ടിപ്പിക്കുന്ന കാര്യമാണ്.ഏതൊരു രോഗത്തെയും പോലെ തന്നെ പ്രാരംഭഘട്ടത്തിൽ തന്നെ ശരിയായ രോഗ നിർണ്ണയവും ചികിത്സയും എയ്ഡ്സിനും നടത്തേണ്ടതാണ്. എന്നാൽ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന പല തെറ്റിദ്ധാരണകളും എയ്ഡ്സ് രോഗബാധിതരെ യഥാസമയത്ത് ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ്.കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ കേരളത്തില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് എച്ച് ഐ വി പോസിറ്റീവ് കേസുകളുടെ എണ്ണം 1000 സ്കെയിലിൽ എത്തിയിട്ടില്ല. സെപ്റ്റംബർ വരെ സംസ്ഥാനത്ത് 890 പേർ മാത്രമാണ് എച്ച്ഐവി ബാധിതരായത്. 2017 ൽ ഇത് 1,301 ഉം 2016 ൽ 1,444 ഉം ആയിരുന്നു. ഇതിൽ 566 കേസുകൾ പുരുഷന്മാരും 306 സ്ത്രീകളും നാല് പേർ ട്രാൻസ്ജെൻഡർമാരുമാണ്.ഇന്ത്യയിൽ ഏകദേശം 2.1 ദശലക്ഷം എച്ച്ഐവി പോസിറ്റീവ് ആളുകളുണ്ട്.
ആഫ്രിക്കയിലാണ് എച്ച്ഐവി ബാധിതർ കൂടുതൽ. 25.7 ദശലക്ഷം പേരാണ് എച്ച്ഐവി ബാധിച്ചവർ. പുതുതായി എച്ച്ഐവി ബാധിച്ച ലോകത്തുള്ള ആളുകളിൽ മൂന്നിൽ രണ്ടും ആഫ്രിക്കയിലാണ്.

എച്ച്ഐവി അറിയേണ്ടവ :-

എച്ച്ഐവിയെക്കുറിച്ച് പൊതുവേ സമൂഹത്തിൽ തെറ്റായ ധാരണകളാണുള്ളത്.  HIV എന്നത് ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി എന്ന് പേരുള്ള ഒരു വൈറസിനാൽ ഉണ്ടാകുന്ന ഒരു രോഗമാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ കാർന്നു തിന്നുന്ന ഒരു വൈറസാണ് ഇത്. തന്മൂലം ശരീരത്തിലേക്ക് കയറിക്കൂടുന്ന മറ്റ് അണുബാധകൾ മരണത്തിലേക്ക് നയിക്കുന്നു. ഈ രോഗം പകരുന്നത് ലൈംഗിക ബന്ധത്തിലൂടെയും രോഗം ബാധിച്ച ആളുകളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും ഗർഭാവസ്ഥയിൽ അമ്മയിൽ നിന്നു കുഞ്ഞിലേക്കും അണു വിമുക്തമാക്കാത്ത സിറിഞ്ചുകളിലൂടെയുള്ള കുത്തിവയ്പിലൂടെയും ആണ്. രോഗിയുടെ കൂടെ ഭക്ഷണം കഴിക്കുന്നതിലൂടെയോ ഒരുമിച്ച് താമസിക്കുന്നത് കൊണ്ടോ രോഗിയെ തൊടുന്നതു കൊണ്ടോ ഹസ്തദാനം ചെയ്യുന്നതു കൊണ്ടോ പകരുകയില്ല. പല ആളുകളും ഇത്തരം അബദ്ധധാരണകളാൽ പരിഭ്രാന്തരായി അവരുടെ മാനസികാരോഗ്യത്തിനു ദോഷം വരുത്തി വയ്ക്കുന്നു. കൊതുകുകളിലൂടെയോ വായുവിലൂ ടെയോ ഈ രോഗം പകരുകയില്ല എന്നതും അറിയേണ്ട വസ്തുതയാണ്. 

അസുഖം ബാധിച്ച ആളുകൾക്ക്  വിട്ടുമാറാത്ത പനി, വിശപ്പ് കുറവ്, ശരീരഭാരം കുറയുക, വിട്ടുമാറാത്ത വയറിളക്കം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. എന്നാൽ ചിലർക്ക് രോഗം മൂർച്ഛിക്കുന്നത് വരെ പ്രത്യേക ലക്ഷണങ്ങൾ ഒന്നും തന്നെ കാണാറുമില്ല. സാധാരണയായി ക്ഷയ രോഗം ഈ അസുഖത്തോടൊപ്പം തന്നെ കാണാറുണ്ട്. മസ്തിഷ്കജ്വരം, ന്യുമോണിയ എന്നിവയും കണ്ടുവരാറുണ്ട്. ELISA എന്ന ടെസ്റ്റിലൂടെ ഈ രോഗം നേരത്തേ കണ്ടു പിടിക്കാം. ഇതാകട്ടെ എല്ലാ സർക്കാർ ആശു പത്രികളിലും സൗജന്യമായി തന്നെ ചെയ്യാവുന്നതാണ്. 
രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ പിന്നെ CDU Count  test  ചെയ്ത് രോഗത്തിന്റെ തീവ്രത കണക്കാക്കുന്നു. ഈ രോഗത്തിന്റെ ഒരു പ്രത്യേകത ജീവിതകാലം മുഴുവൻ മരുന്നു കഴിക്കണം എന്നതാണ്. കൃത്യമായി മരുന്നു കഴിക്കുന്ന രോഗികൾ ഒരു സാധാരണ മനുഷ്യന്റെ ശരാശരി ആയുസ്സ് വരെ ആരോഗ്യത്തോടെ ജീവിക്കുന്നു. ചികിത്സയില്ലാത്ത അസുഖം എന്നത് ഒരു മിഥ്യയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് രോഗി കഴിക്കേണ്ട ഗുളികകളുടെ എണ്ണം വളരെ കുറവാണ്. 

ആന്റി റിട്രോവൈറൽ ട്രീറ്റ്മെന്റ് സെന്ററുകൾ (എ.ആർ.ടി.):- ആദ്യകാലങ്ങളിൽ എയ്ഡ്സ് ബാധിച്ചവർ പ്രതിരോധശേഷി നഷ്ടപ്പെട്ട് മറ്റു രോഗങ്ങൾ ബാധിച്ച് ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ മരിച്ചു പോകുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് നൂതനമായ ചികിൽസാ രീതികളുണ്ട്. അതിൽ പ്രധാനമാണ് ആന്റി റിട്രോവൈറൽ ട്രീറ്റ്മെന്റ്(എ.ആർ.ടി.). അണുബാധിതർക്ക് ഈ ചികിൽസയിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. എന്നാൽ, പലർക്കും ഈ ചികിൽസയെക്കുറിച്ച് വ്യക്തമായ അവബോധമില്ല.

ജ്യോതിസ്:- സംസ്ഥാനത്ത് 461 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ജ്യോതിസ് കേന്ദ്രങ്ങളിൽ എച്ച്.ഐ.വി. പരിശോധന സൗജന്യമായി നടത്തുന്നതിന് സംവിധാനമുണ്ട്. കൗൺസിലിങും ഈ കേന്ദ്രങ്ങളിൽനിന്ന് ലഭിക്കും. പരിശോധന സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. അണുബാധയുണ്ടെന്ന് കണ്ടെത്തിയാൽ അവരെ തുടർ ചികിൽസയ്ക്കായി എ.ആർ.ടി. കേന്ദ്രങ്ങളിലേക്ക് അയക്കും. മെഡിക്കൽ കോളജുകൾ,ജില്ലാ ആശുപത്രികൾ,ജനറൽ ആശുപത്രികൾ,താലൂക്ക് ആശുപത്രികൾ,ചില ഇ.എസ്.ഐ. ആശുപത്രികൾ,പ്രധാന ജയിലുകൾ,തിരുവനന്തപുരം റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ജ്യോതിസ് കേന്ദ്രങ്ങളുള്ളത്.

ആന്റി റിട്രോവൈറൽ തെറാപ്പി സെന്റർ(എ.ആർ.ടി-ഉഷസ്):- എച്ച്.ഐ.വി. അണുബാധിതർക്ക് ആവശ്യമായ ആന്റി റിട്രോവൈറൽ ചികിൽസ ഉഷസ് കേന്ദ്രങ്ങളിലൂടെ സൗജന്യമായി നൽകുന്നു. ദേശീയ എയ്ഡ്സ് നിയന്ത്രണ ഓർഗനൈസേഷനാണ് മരുന്നുകൾ നൽകുന്നത്. ആന്റി റിട്രോവൈറൽ ചികിൽസയ്ക്കു മുന്നോടിയായുള്ള കൗൺസിലിങും മറ്റ് രോഗങ്ങൾക്കുള്ള ചികിൽസയും ഈ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്നു. ശരിയായ ജീവിതരീതിയും ചികിൽസയും എയ്ഡ്സ് അണുബാധിതർക്ക് ദീർഘകാല ജീവിതം സാധ്യമാക്കുന്നു. എല്ലാ മെഡിക്കൽ കോളേജുകളിലും പാലക്കാട്, കണ്ണൂർ, കൊല്ലം ജില്ലാ ആശുപത്രികളിലും പ്രധാന സർക്കാർ ആശുപത്രികളിലും ഈ സംവിധാനമുണ്ട്.

കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി:- എച്ച്.ഐ.വി,എയ്ഡ്സ് മേഖലകളിൽ കേരളത്തിൽ ബോധവത്ക്കരണ,പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാ‌‌ണ്. അണുബാധ പിടിപെടാൻ സാധ്യതയുള്ള വിഭാഗങ്ങൾക്കിടയിൽ സൊസൈറ്റി പ്രത്യേക പ്രവർത്തനങ്ങളും നടത്തുന്നു. എച്ച്.ഐ.വി. അണുബാധിതരോടുള്ള സാമൂഹ്യനിന്ദയും വിവേചനവും ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളും സൊസൈറ്റി നടത്തുന്നു. എയിഡ്സ് കൺട്രോൾ സൊസൈറ്റി നൂറോളം എച്ച്.ഐ.വി. ബാധിതർക്ക് വിവിധ പദ്ധതികളിൽ തൊഴിൽ നൽകുന്നുണ്ട്.

ലോകമെമ്പാടുമുള്ള ജനങ്ങൾ എച്ച്ഐവി അവബോധ പരിപാടികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അന്നേദിവസം ഒരു ചുവന്ന റിബൺ ധരിക്കാറുണ്ട്. എച്ച്ഐവി പോസിറ്റീവ് ആയ ആളുകളോട് തികഞ്ഞ വേർതിരിവ് കാണിച്ചിരുന്ന കാലത്ത് 1991 ൽ ന്യൂയോർക്കിലാണ് ‘റെഡ് റിബണ്‍ ’ എയ്ഡ്സ് ബോധവൽക്കരണത്തിന്റെ അടയാളമായി മാറിയത്.  പന്ത്രണ്ടോളം കലാകാരൻമാരുടെ ആശയമായിരുന്നു ഇത്. എച്ച്ഐവി ബാധയുള്ള രോഗിയെ പൊതുസമൂഹത്തിൽ നിന്ന് മാറ്റി നിർത്തുന്നത് രോഗികൾക്കും കുടുംബത്തിനും തീരാ ദുഃഖമാണ് നൽകുന്നത്. അതു കൊണ്ടുതന്നെ ഈ അസുഖം ബാധിച്ച മനുഷ്യരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുക എന്നത് ഒരു ഭഗീരഥ പ്രയത്നമാണ്. ഒരു സാധാരണ പൗരന്റെ എല്ലാ അവകാശങ്ങളും ഈ രോഗം ബാധിച്ച  മനുഷ്യർക്കുമുണ്ട് എന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.

ജോബി ബേബി, നേഴ്സ് , കുവൈറ്റ്

Related Blogs