കബദിലെ പിക്നികും പിന്നെ ക്വാറന്റൈനും

  • 13/04/2020

സീന്‍ -1

മഞ്ഞ് പെയ്യുന്ന ഡിസംബര്‍ മാസത്തിലെ വെള്ളിയാഴ്ചയിലെ ഒരു കുളിരണിഞ്ഞ പ്രഭാതം.

പതിവില്ലാതെ നേരത്തെ തന്നെ എഴുന്നേറ്റു…ഒരു യാത്രയുടെ തയ്യാറെടുപ്പിലാണ്….പ്രവാസ ലോകത്തെ യാന്ത്രികമായൊരു ജീവിതശൈലിയുടെ വിരസതയില്‍ നിന്നും ഒരു ചെയിന്‍ജ്…കബദിലേക്കുളള ഒരു പിക്നിക് ട്രിപ്പാണ്…നാട്ടുകാരും കൂട്ടുകാരും എല്ലാം ഒത്തുകൂടി നാടിന്റെ ഗതകാല സ്മരണകള്‍ അയവിറക്കുന്ന ഒരൊത്തു ചേരല്‍…കമ്പവലിയും കുഴിമന്തിയും,പാട്ടും ബഹളവും ഒക്കെയായി മൈന്‍ഡ് ഒന്ന് റിഫ്രഷ് ആകാന്‍ കിട്ടുന്ന ഒരു സുവര്‍ണ്ണാവസരം.

കബദെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു പിക്നിക് മൂഡാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്…കുവൈത്തിലെ മനോഹരമായ കടല്‍തീരങ്ങളും,കുവൈത്ത് ടവറും,ഫാമിലി പാര്‍ക്കുകളും,ഷോപ്പിംഗ് മാളുകളുമെല്ലാം തന്നെ പല തവണ കണ്ടു കഴിഞ്ഞു.ഇനി ഒഴിവ് ദിനങ്ങളില്‍ കറങ്ങി നടക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍ ഇല്ല താനും…ഇവിടെയാണ് മരുക്കപ്പലുകളായ ഒട്ടക കൂട്ടങ്ങളുടെ സുഖവാസ കേന്ദ്രമായ കബദിലേക്കുള്ള  ട്രിപ്പ് എന്നും ഒരു നവ്യാനുഭൂതി പകര്‍ന്നു നല്‍കുന്നത്.

സീന്‍-2

കത്തിയെരിയുന്ന വേനലിനു മുമ്പേയുളള ഏപ്രില്‍ മാസത്തിലെ ഒരു തെളിഞ്ഞ പ്രഭാതം..

മൊബൈല്‍ ഫോണിന്റെ നിര്‍ത്താതെയുള്ള റിഗിംങ്ങ് കേട്ടാണ് ഉണര്‍ന്നത്.പരിചയമില്ലാത്ത നമ്പറാണ്.ഫോണ്‍ എടുത്തപ്പോള്‍ മറുതലക്കല്‍ നിന്നും എന്റെ പേര് പറഞ്ഞു കൊണ്ടൊരു ചോദ്യം.ഇക്ക ഞങ്ങള്‍ കുവൈത്ത് KMCC യില്‍ നിന്നാണ്..നിങ്ങള്‍ക്കുള്ളൊരു കിറ്റ് ഞങ്ങളുടെ കയ്യിലുണ്ട്…അതൊന്ന് നിങ്ങളെ ഏല്‍പ്പിക്കാന്‍ വേണ്ടിയാണ്.റും നമ്പര്‍ പറഞ്ഞാല്‍ മതി.ഞങ്ങളങ്ങോട്ട് വരാം…

എനിക്കൊരു ദുരാഭിമാന ചിന്തക്ക് പോലും ഇടം നല്‍കാതെയുള്ള അവരുടെ സംസാരവും പെരുമാറ്റവും, ഈ സ്നേഹവും കരുതലും…  നീറുന്ന ഒരുപാട് പ്രയാസങ്ങള്‍ക്കിടയിലും മനസ്സിനെ വല്ലാതെയങ്ങ് സന്തോഷിപ്പിച്ചു.

ഒരു മാസത്തോളമായി കട തുറക്കാന്‍ സാധിച്ചിട്ടില്ല.വാടകയും മറ്റുമായി വലിയൊരു ബാധ്യതയും മുന്നിലുണ്ട്…തൊട്ടടുത്ത ബില്‍ഡിംഗ് വരെ പോലീസിന്റെയും  ആരോഗ്യ പ്രവര്‍ത്തകരുടെയും നിരീക്ഷണത്തിലാണ്. പുറത്തേക്കിറങ്ങാന്‍ പോലും ഭയപ്പെടുന്നൊരു സ്ഥിതി വിശേഷം.കേവലം ഒരു മാസം മുമ്പ് പോലും ഓടി നടന്നു ഉല്ലസിച്ചിരുന്ന പാര്‍ക്കുകളും കടല്‍ തീരങ്ങളും എല്ലാം ഇന്ന് വിജനമാണ്.പള്ളികളില്‍ ബാങ്കൊലി മാത്രം..സൂഖുകളെല്ലാം അടഞ്ഞു കിടപ്പാണ്…

നാളിതുവരെ പിക്നികും മറ്റു ക്യാമ്പുകളുമെല്ലാം  നടന്നിരുന്ന കബദ് മേഖലകള്‍ ഇന്ന് ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ്…ഏതൊരു പ്രവാസിയും ഒരിക്കല്‍ പോലും അവിടെ എത്തിപ്പെടരുതെന്ന് മനമുരികി പ്രാര്‍ത്ഥിക്കുകയാണ്.സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ്  അതാണല്ലോ എല്ലാം.മനുഷ്യര്‍ പരസ്പരം അകലം പാലിച്ച് സ്വയംരക്ഷ തേടുകയാണ്.എങ്കിലും ഒട്ടകകൂട്ടങ്ങള്‍ ഒരകല്‍ച്ചയുമില്ലാതെ വരി വരിയായി മരുഭൂമിയുടെ മേച്ചില്‍ പുറങ്ങളില്‍ മണലുകള്‍ താണ്ടി യഥേഷ്ടം പ്രയാണം തുടരുകയാണ്…

'എന്നാല്‍, അവര്‍ ഒട്ടകത്തിലേക്ക്‌ നോക്കുന്നില്ലേ, അതെങ്ങനെ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നുവെന്ന്‌'?!-(സൂറത്തുല്‍ ഗാശിയഃ : 17)

ജഗന്നിയന്താവിന്റെ നിയന്ത്രണങ്ങളും തീരുമാനങ്ങളും…
കാലത്തോടൊപ്പം കഥയും മാറുകയാണ്.ഈ കൊറോണക്കാലത്ത് നമ്മളിലുണ്ടായ നല്ല മാറ്റങ്ങള്‍ കൊറോണാനന്തര കാലത്തും തുടരാന്‍ നമുക്കാകണം.

നിസാര്‍ അലങ്കാര്‍ -കുവൈത്ത്

Related Blogs