ഏപ്രിൽ 7 ലോകാരോഗ്യ ദിനം .കൊവിഡ് ഭീതിക്കിടെ ഇന്ന് ലോകാരോഗ്യ ദിനം ആചരിക്കുന്നു.1948 ൽ ഇതേ ദിവസമാണ് ലോകാരോഗ്യ സംഘടന ഔപചാരികമായി നിലവിൽ വന്നത് .ഇതിന്റെ സ്ഥാപിത ലക്ഷ്യങ്ങളേക്കുറിച്ചു ജനങ്ങളെ ഓർമ്മപ്പെടുത്തുകയും അതാത് കാലത്തെ ഏറ്റവും പ്രസക്തമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ലോകശ്രദ്ധ ആകർഷിക്കുകയും ചെയ്‌യുക എന്നതുമാണ് ലോകാരോഗ്യ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം .”മികച്ചതും ആരോഗ്യകരവുമായ ഒരു ലോകം കെട്ടിപ്പടുക്കുക”എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിന പ്രതിപാദന വിഷയം .ജനങ്ങളുടെ ആരോഗ്യവകാശത്തെയും പൊതുജനാരോഗ്യ സങ്കല്പങ്ങളെയും പുനർ നിർവചിക്കുകയാണ് ഇതിലൂടെ ചെയ്‌യുന്നത് .ആരോഗ്യകരമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിലൂടെ എല്ലാവർക്കും ആരോഗ്യം ഉറപ്പ് വരുത്തുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം .ചികിത്സ ,രോഗപ്രതിരോധം ,പുനരധിവാസം ,സ്വാന്തന പരിചരണം എന്നിങ്ങനെ വൈവിധ്യങ്ങളായ ആരോഗ്യ സേവനങ്ങളെല്ലാം യഥാസമയം എല്ലാവർക്കും അവരുടെ നിലവിലെ സാമ്പത്തിക സ്ഥിതി തടസ്സമാകാതെ ലഭിക്കുക എന്നതും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു .ചികിത്സയിലും രോഗപ്രധിരോധത്തിലുമുൾപ്പെടെ ആരോഗ്യരംഗത്ത് നിരവധി നൂതന മുന്നേറ്റങ്ങൾക്ക് ലോകം സാക്ഷിയായിട്ടുണ്ടെങ്കിലും വ്യാപകമാകുന്ന പുതിയ വ്യാധികളും ജീവിത ശൈലീ രോഗങ്ങളും സാധാരണക്കാർക്ക് താങ്ങാനാകാത്ത ഉയർന്ന ചികിത്സാ ചിലവുകളും ആരോഗ്യ രംഗത്തെ അസമത്വം അനുദിനം വർദ്ധിപ്പിക്കുന്ന കാഴ്ചയാണ് കണ്ട് വരുന്നത് . ജനകേന്ദ്രീകൃതമായ ആരോഗ്യ സേവനങ്ങളുടെ ലഭ്യതയും കാര്യക്ഷമതയും ഫലപ്രാപ്തിയും വർധിപ്പിക്കേണ്ടതും ആരോഗ്യകരമായ ലോകം കെട്ടിപ്പടുക്കുന്നതിന് അനിവാര്യമാണ് .മികച്ച പ്രാഥമികാരോഗ്യ സംവിധാനമാണ് ഇതിന് ഏറ്റവും ആദ്യം വേണ്ടത് .കാര്യക്ഷമമായ ആരോഗ്യ ഭരണ സംവിധാനവും മരുന്നിന്റെയും മറ്റ് മെഡിക്കൽ ഉപകരണങ്ങളുടെയും ലഭ്യതയും നൂതനസാങ്കേതിക വിദ്യയുടെയും വിവര വിനിമയ സംവിധാനങ്ങളുടെയും ഉപയോഗവും ഇതിൽ പ്രധാനമാണ് .ആർഷഭാരതസംസ്ക്കാരവും ഒരു മഹത്തായ പൈതൃകവും സ്വന്തമെന്ന് അഭിമാനിക്കുന്നവരാണ് നാം .ലോക ജനതയുടെ ആറിലൊന്ന് അധിവസിക്കുന്ന നാടാണ് നമ്മുടേത് .മനുഷ്യ വിഭവശേഷി തന്നെയാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ സമ്പത്തും .എന്നാൽ ഇവിടെ നല്ലൊരു ഭാഗവും ഇപ്പോൾ തന്നെ രോഗികളാണ് .മറ്റു ചിലരാകട്ടെ പുകയില ,മദ്യം, മയക്കുമരുന്ന് ,എന്നിവയുടെ ഉപയോഗത്തിലൂടെയും നിരവധി ദുശീലങ്ങളിലൂടെയും രോഗികളാകാൻ മത്സരിച്ചുകൊണ്ടിരിക്കുന്നു .കുറച്ചു പേരുടെജോലി ഇവരെയൊക്ക പരിചരിക്കലാണ് .അവശേഷിക്കുന്ന വളരെ കുറച്ചുപേർ മാത്രമാണ് നാടിന്റെയോ കുടുംബത്തിന്റെയോ അവരവരുടെ തന്നെയോ വികസനത്തിനും ഭദ്രതയ്ക്കും വേണ്ടി പ്രവർത്തിക്കുന്നത് .പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന് നാം വേണ്ട പരിഗണന നല്കുന്നില്ലെന്നതാണ് സത്യം .രോഗം വന്ന് കിടപ്പിലാകുമ്പോഴാണ് നാം “ആരോഗ്യം തന്നെയാണ് ഏറ്റവും വലുതെന്ന് “തിരിച്ചറിയുന്നത് .നമ്മുടെ ആരോഗ്യം സംരക്ഷിക്കപ്പെട്ടാൽ മാത്രമേ നമ്മുടെ നാടിനും വീടിനും പുരോഗതി ഉണ്ടാവുകയുള്ളു .ദുശീലങ്ങൾ പ്രലോഭനങ്ങളിലൂടെ വിറ്റഴിച്ചും ലഹരി വസ്തുക്കൾ വൻതോതിൽ ലഭ്യമാക്കിയും നമ്മുടെ ജനതയെ അനാരോഗ്യത്തിലേക്കു തള്ളിവിടാൻ ചില കേന്ദ്രങ്ങളിൽ നിന്നും ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് വേണം കരുതാൻ .ഈ സാഹചര്യത്തിൽ നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ നാം തന്നെ മുന്നിട്ടിറങ്ങിയേ മതിയാവൂ .പ്രായോഗികതലത്തിൽ നടപ്പിലാക്കാൻ കഴിയുന്ന വ്യായാമം ,സമീകൃതാഹാരം ,സമ്മർദ്ധരഹിത ജീവിതം എന്നിവ ശീലമാക്കിയാൽ ആരോഗ്യ സംരക്ഷണമെന്നത് ബാലികേറമലയാകില്ല .നാം എന്താവർത്തിച്ചു ചെയ്‌യുന്നുവോ അത് ശീലമായി മാറുമെന്നും ,ശീലം ആവർത്തിക്കപ്പെടുമ്പോൾ അത് സ്വഭാവമായി മാറുമെന്നും ,സ്വഭാവം ആവർത്തിക്കപ്പെടുമ്പോൾ അത് സംസ്കാരമായി മാറുമെന്നും അറിയാമല്ലോ ?”ഞാൻ മനസ്സുവെച്ചാൽ നടക്കാത്തതൊന്നുമില്ല “,എന്ന് സ്വാഭിമാനം പറഞ്ഞു നടക്കുന്ന നാം സ്വന്തം ആരോഗ്യത്തിലെങ്കിലും “ഒന്ന് മനസ്സുവയ്ക്കുക “തന്നെ വേണം .ആരോഗ്യ രംഗത്ത് നിലനിൽക്കുന്ന ആശങ്കകൾ അവസാനിക്കുന്നില്ല .കോവിഡ് -19 എന്ന വൈറസിനൊപ്പം എങ്ങനെ സുരക്ഷിത ജീവിതം ഉറപ്പാക്കാമെന്നാണ് ശാസ്ത്ര ലോകം ഇപ്പോൾ ചിന്തിക്കുന്നത് .കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ സ്വയം ഒരുങ്ങുന്ന മനോഹരമായ പുതിയ ശീലങ്ങളുമായി ലോകം മുന്നോട്ട് കുതിക്കുമ്പോൾ നമ്മുടെ ആരോഗ്യമേഖല വലിയ വിജയപ്രതീക്ഷയിലാണ് എന്നതിൽ സംശയമില്ല .ഒന്നിച്ചുയർന്നു നേരിടാൻ ആരോഗ്യ പ്രവർത്തകർ മുന്നോട്ട് വരുമ്പോൾ കാലം തീർക്കുന്ന ഒരു പ്രതിസന്ധിയും വഴി മാറിപ്പോകാതിരിക്കില്ല,മനുഷ്യചരിത്രത്തിലെവിടെയും .ഈ കാലവും കടന്ന് പോകും .ക്ഷമാ പൂർവ്വം ഉത്തരവാദിത്ത ബോധത്തോടെ ഓരോ കർത്തവ്യങ്ങളും ക്രമീകരിച്ച നമ്മുടെ ആരോഗ്യ മേഖലകൾ വലിയ വിജയങ്ങൾ നേടുക തന്നെ ചെയ്‌യും .ജോബി ബേബി, നേഴ്സ് ,കുവൈറ്റ്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?