വ്യാജ ഫുട്‌ബോള്‍ വാതുവെപ്പ് ആപ്പ്; ചൈനക്കാരന്‍ തട്ടിയത് 1400 കോടി രൂപ

  • 18/08/2023

ചൈനീസ് പൗരൻ വ്യാജ ആപ്പ് ഉപയോഗിച്ച്‌ ഇന്ത്യക്കാരില്‍ നിന്ന് കോടികള്‍ തട്ടിയ വൻ സൈബര്‍ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന് ഗുജറാത്ത് പോലീസ്. ഒരു ഫുട്ബോള്‍ വാതുവെപ്പ് ആപ്പ് ഉപയോഗിച്ച്‌ ഏകദേശം 1400 കോടി രൂപയാണ് വെറും ഒമ്ബത് ദിവസം കൊണ്ട് ഇയാള്‍ തട്ടിയെടുത്തത്.  വൂ ഉയാൻബെ എന്ന ചൈനീസ് പൗരനാണ് ഈ തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം. 2020 ലും 2022 ലും ഇന്ത്യയില്‍ താമസിച്ച ഉയാൻബെ ഗുജറാത്തിലെ പാഠണ്‍, ബനാസ്കാണ്ഡ എന്നിവിടങ്ങളില്‍ നിന്നാണ് തട്ടിപ്പ് നടത്തിയത്. 


കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) ഗുജറാത്ത് പോലീസ് നിയോഗിച്ചിട്ടുണ്ട്. 2022 ജൂണിലാണ് ഈ തട്ടിപ്പ് സംബന്ധിച്ച്‌ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാര്‍ട്ട്മെന്റിന് വിവരം ലഭിച്ചത്. ഡാനി ഡാറ്റ എന്ന പേരിലുള്ള ഒരു ആപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ആഗ്ര പോലീസാണ് ആദ്യം കേസ് അന്വേഷിച്ചത് ഇത് പിന്നീട് സിഐഡി സംഘത്തിന് കൈമാറി. 

പാഠണ്‍, ബനാസ്കാണ്ഡ എന്നിവിടങ്ങളില്‍ താമസിച്ച ചൈനക്കാരൻ വൻ സമ്ബത്ത് വാഗ്ദാനം ചെയ്ത് പ്രദേശ വാസികളായ ആളുകളെ ആദ്യം വലയിലാക്കി. ശേഷം ഗുജറാത്തിലെ സഹായികളുടെ സഹായത്തോടെ 2022 മെയില്‍ ആപ്പ് പുറത്തിറക്കി. ഫുട്ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവെപ്പ് നടത്തി പണം നേടാമെന്ന വാഗ്ദാനം ചെയ്തുകൊണ്ടുള്ള ആപ്പായിരുന്നു അത്.

ഫുട്ബോള്‍ ആരാധകരായ 15 മുതല്‍ 75 വയസുവരെയുള്ള ആളുകള്‍ ഉയാൻബെയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ദിവസേന 200 കോടിയോളം രൂപ ഇതുവഴി തട്ടിയെടുക്കപ്പെട്ടിട്ടുണ്ട്. തുടക്കത്തില്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നിക്ഷേപവും വരുമാനവുമെല്ലാം ആപ്പ് വഴി അറിയാൻ സാധിച്ചു. എന്നാല്‍ ഒമ്ബത് ദിവസങ്ങള്‍ക്ക് ശേഷം ആപ്പ് പെട്ടെന്ന് നിലച്ചു. തങ്ങളുടെ നിക്ഷേപം നഷ്ടമായതായി ഉപഭോക്താക്കള്‍ തിരിച്ചരിഞ്ഞു. 

കേസ് നല്‍കിയപ്പോഴേക്കും ഉയാൻബെ രാജ്യം വിട്ടിരുന്നു.2022 ഓഗസ്റ്റിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഉയാൻബെയെ സഹായിച്ച ഒമ്ബത് ഗുജറാത്ത് സ്വദേശികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നു. ഇവരുടെ പേരില്‍ തുടങ്ങിയ ഷെല്‍ കമ്ബനികളിലൂടെയാണ് പണം കൈമാറ്റം ചെയ്യപ്പെട്ടത്. ചൈനയിലെ ഷെൻസെനില്‍ നിന്ന് ഉയാൻബെ ഇപ്പോഴും വിവിധ ആപ്പുകള്‍ ഉപയോഗിച്ച്‌ തട്ടിപ്പുകള്‍ നടത്തിവരികയാണെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ചിലാണ് സിഐഡി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

Related News