എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് സൗജന്യ മരുന്നില്ല, പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍

  • 24/08/2023

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം നിലച്ചു. ദുരിത ബാധിതര്‍ക്ക് മാസങ്ങളായി പെൻഷനും കിട്ടുന്നില്ല. ആശുപത്രിയിലേക്കുള്ള വാഹന സൗകര്യവും ഇല്ലാതായി. പദ്ധതി പൂര്‍ണ്ണമായി നിര്‍ത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടക്കുന്നതെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ആരോപിച്ചു.


എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്ന്, പിഎച്ച്‌സികള്‍ വഴിയും നീതി സ്റ്റോറുകള്‍ വഴിയുമാണ് വിതരണം. കാസര്‍കോട് ജില്ലയില്‍ പുല്ലൂര്‍ പെരിയ, കയ്യൂര്‍ ചീമേനി എന്നീ പഞ്ചായത്തുകളില്‍ മാത്രമാണ് ഇപ്പോള്‍ സൗജന്യ മരുന്ന് വിതരണമുള്ളത്. കള്ളാറും കാറഡുക്കയും അടക്കമുള്ള പഞ്ചായത്തുകളില്‍ മരുന്ന് വിതരണം നിര്‍ത്തിയിട്ട് മാസങ്ങളായി.

ദുരിത ബാധിതര്‍ക്ക് ചികിത്സയ്ക്ക് പോകാന്‍ സൗജന്യ വാഹമുണ്ടായിരുന്നു, അത് നിലച്ചു. രോഗികള്‍ക്കുള്ള പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ച് മാസം കഴിഞ്ഞു. ദേശീയ ആരോഗ്യ ദൗത്യം പദ്ധതി വഴിയായിരുന്നു സൗജന്യ മരുന്ന് വിതരണവും ചികിത്സാ സഹായവും നല്‍കിയിരുന്നത്. 

2022 മുതല്‍ ഇത് നിര്‍ത്തിയതോടെ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സഹായം തുടര്‍ന്നിരുന്നു എന്നാല്‍ ഇപ്പോള്‍ ഇതുവരേയും ധനകാര്യ വകുപ്പിന്‍റെ അംഗീകാരം ലഭിച്ചിട്ടില്ല. ഇതോടെയാണ് സര്‍ക്കാരിന്റെത് പദ്ധതി നിര്‍ത്തിവയ്ക്കാനുള്ള ശ്രമമാണോ എന്ന് ദുരിതബാധിതര്‍ സംശയിക്കുന്നത്.

Related News