മറ്റ് യാത്രക്കാർക്ക് മനഃസമാധാനം വേണം; 'മുതിർന്നവർക്ക് മാത്ര' മായി പ്രത്യേക സ്ഥലം അനുവദിച്ച് വിമാനക്കമ്പനി

  • 01/09/2023



വിമാനത്തിനുള്ളില്‍ കുഞ്ഞ് കരഞ്ഞതിന് ബഹളം വച്ച യാത്രക്കാരന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ട് അധിക കാലമായില്ല. കുഞ്ഞിന്‍റെ കരച്ചില്‍ സ്വസ്ഥമായ യാത്രയ്ക്ക് തടസമാകുന്നതായി യാത്രക്കാരന്‍ പരാതിപ്പെട്ടതിന് പിന്നാലെ വിമാനത്തിനുള്ളിലെ യാത്രക്കാര്‍ രണ്ട് ചേരിയായി തിരിഞ്ഞ് ബഹളം ആരംഭിക്കുകയായിരുന്നു. 

ബസ്സിലായാലും ട്രെയിനിലായാലും വിമാനത്തിലായാലും യാത്രക്കാരെല്ലാം ഒരേ മാനസീകാവസ്ഥയില്‍ ആയിരിക്കണമെന്നില്ല. ഇത്തരത്തില്‍ വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ള ആളുകള്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇതിനൊരു പരിഹാരം കണ്ടിരിക്കുകയാണ് ടർക്കിഷ്-ഡച്ച് വിമാനക്കമ്പനിയായ കോറെൻഡൺ എയർലൈൻസ്. 

16 വയസും അതിന് മുകളിലും പ്രായമുള്ള യാത്രക്കാർക്ക് മാത്രമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്രത്യേക ഫ്ലൈറ്റുകളിൽ കോറെൻഡൺ എയർലൈൻസ് "അഡൾട്ട് ഒൺലി" സോണുകൾ ആരംഭിച്ചാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്. ഇത്തരമൊരു നീക്കത്തിന്‍റെ ലക്ഷ്യം യാത്രക്കാർക്ക് യാത്രയ്ക്കിടെ ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കുകയും കൂടുതൽ ശാന്തമായ യാത്രാനുഭവം നൽകുകയും ചെയ്യുകയെന്നതാണ്. ആംസ്റ്റർഡാമിനും കുറക്കാവോയ്ക്കും ഇടയില്‍ നവംബറിൽ ആരംഭിക്കുന്ന ഫ്ലൈറ്റുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ "അഡൾട്ട് ഒൺലി" സോണുകൾ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. 

“അഡൾട്ട് ഒൺലി സോൺ അവതരിപ്പിക്കുന്ന ആദ്യത്തെ ഡച്ച് എയർലൈൻ കൂടിയാണ് ഞങ്ങൾ. കാരണം ഫ്ലൈറ്റ് യാത്രയില്‍ കൂടുതൽ മനസ്സമാധാനം തേടുന്ന യാത്രക്കാരെ ആകർഷിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.” കോറെൻഡൺ എയർലൈനിന്‍റെ സ്ഥാപകനായ അതിലായ് ഉസ്‌ലു പറഞ്ഞു. “ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കളെ ഇത് നല്ല രീതിയിൽ സ്വാധീനിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കുട്ടികൾ എത്ര ബഹളം വച്ചാലും മറ്റ് യാത്രക്കാര്‍ക്ക് വിമാന യാത്ര തടസമില്ലാതെ ആസ്വദിക്കാന്‍ പറ്റും.” അദ്ദേഹം കൂട്ടിച്ചേർത്തു.

Related News