സൗന്ദര്യവര്‍ധക ചികിത്സ പാളി; 43-ാം വയസില്‍ അര്‍ജന്‍റീന നടിക്കു ദാരുണാന്ത്യം

  • 02/09/2023

സൗന്ദര്യവര്‍ധക ചികിത്സ പാളിയതിനെ തുടര്‍ന്നു രോഗബാധിതയായി ചികിത്സയില്‍ കഴിഞ്ഞ അര്‍ജന്റീന നടി അന്തരിച്ചു. മോഡല്‍ കൂടിയായ സില്‍വിന ലൂണ(43) ആണ് വൃക്കരോഗത്തിനു ചികിത്സ തുടരുന്നതിനിടെ ആശുപത്രിയില്‍ മരിച്ചത്.


വര്‍ഷങ്ങള്‍ക്കുമുൻപാണ് നിതംബം ഉയര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്ക് നടി വിധേയയായത്. എന്നാല്‍, ശസ്ത്രക്രിയയ്ക്കു പിന്നാലെ വൃക്കയ്ക്കു തകരാര്‍ സംഭവിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സ തുടര്‍ന്നുവരികയായിരുന്നു. ഏറ്റവുമൊടുവില്‍ രണ്ടര മാസംമുൻപാണു വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബുധനാഴ്ചയോടെയാണ് ആരോഗ്യനില വഷളായി വെന്റിലേറ്ററിലേക്കു മാറ്റിയത്. ഒടുവില്‍ സഹോദരൻ ഇസ്‌ക്വയേല്‍ ലൂണ വെന്റിലേറ്ററില്‍നിന്നു മാറ്റാൻ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണു മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

2011ലാണ് സില്‍വിന ലൂണ സൗന്ദര്യവര്‍ധക ചികിത്സയ്ക്കു വിധേയയായത്. മുൻപ് ഒരാളുടെ മരണത്തിനിടയാക്കിയ ചികിത്സയ്ക്കു നേതൃത്വം നല്‍കിയതിന്റെ കുപ്രസിദ്ധിയുള്ള അനിബല്‍ ലോടോക്കി എന്ന കോസ്മറ്റിക് സര്‍ജനായിരുന്നു നടിയുടെയും ചികിത്സയ്ക്കു നേതൃത്വം നല്‍കിയത്. 2015ല്‍ മൂത്രക്കല്ലിനെ തുടര്‍ന്നു ചികിത്സ തേടിയപ്പോഴാണ് കോസ്മറ്റിക് സര്‍ജറിയുടെ പ്രത്യാഘാതങ്ങള്‍ കണ്ടെത്തിയത്.

Related News