വനിത ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം: ഡോക്ടര്‍ക്കെതിരെ കേസെടുത്തു

  • 03/09/2023

വനിത ഡോക്ടറിനെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ മനോജിനെതിരെയാണ് കേസെടുത്തത്. വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ഡോക്ടറില്‍നിന്ന് ഇ മെയില്‍ വഴി വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമാണ് പൊലീസ് നടപടി.

2019ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഹൗസ് സര്‍ജൻസി ചെയ്യുകയായിരുന്ന വനിത ഡോക്ടറെ മനോജ് കടന്നുപിടിച്ച്‌ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ വനിത ഡോക്ടര്‍ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. അന്ന് ആശുപത്രി അധികൃതരോട് ദുരനുഭവം വെളിപ്പെടുത്തിയിരുന്നെങ്കില്‍ നടപടിയുണ്ടായില്ലെന്നും ആരോപിച്ചിരുന്നു.

തുടര്‍ന്ന് ആരോഗ്യവകുപ്പ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഡയറക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് പൊലീസില്‍ നല്‍കിയ പരാതിയിലാണ് നിലവില്‍ നടപടിയുണ്ടായിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 354-ാം വകുപ്പ് അനുസരിച്ചാണ് മനോജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

Related News