ശവാസനം ചെയ്യുന്നവരെ കണ്ട് കൂട്ടക്കൊലയാണെന്ന് തെറ്റിദ്ധരിച്ചു; പൊലീസിനെ വിവരം അറിയിച്ച്‌ ദമ്ബതികള്‍

  • 11/09/2023

ബ്രിട്ടണ്‍: വ്യായാമ മുറ എന്നരീതിയില്‍ യോഗ ഇന്ന് എല്ലാ രാജ്യങ്ങളിലും വളരെ പ്രചാരം നേടിയിട്ടുണ്ട്. മനസിനും ശരീരത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന യോഗ പാശ്ചാത്യര്‍ ഉള്‍പ്പെടെ വളരെ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. ജോലിത്തിരക്കുകള്‍ മാറ്റിവെച്ച്‌ യോഗ പഠിക്കാനായി നിരവധി പേര്‍ എത്തുന്നുണ്ട്. 


യോഗയിലെ പ്രധാനപ്പെട്ടൊരു ഭാഗമാണ് ശവാസനം. ഈ ശവാസനം മൂലം ബ്രിട്ടണിലെ പൊലീസ് പുലിവാല് പിടിച്ച വാര്‍ത്തയാണ് കഴിഞ്ഞദിവസം വിദേശ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. നടക്കാനിറങ്ങിയ ദമ്ബതികള്‍ ഒരു യോഗാസെന്ററില്‍ കുറേ പേര്‍ തറയില്‍ കിടക്കുന്നത് കണ്ടതാണ് ഈ കുഴപ്പങ്ങള്‍ക്ക് തുടക്കമിട്ടത്. തറയില്‍ നിരവധി പേര്‍ അനങ്ങാതെ കിടക്കുന്നത് കണ്ട ഇവര്‍ 'ആചാരപരമായ കൂട്ടക്കൊല'യാണെന്ന് തെറ്റിദ്ധരിച്ചു. പിന്നെ വൈകിയില്ല. വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.

ലിങ്കണ്‍ഷയറിലെ ചാപ്പല്‍ സെന്റ് ലിയോനാര്‍ഡിലെ നോര്‍ത്ത് സീ ഒബ്‌സര്‍വേറ്ററിയില്‍ പൊലീസ് വാഹനങ്ങള്‍ കുതിച്ചെത്തി. പ്രദേശമാകെ പൊലീസ് വളയുകയും ചെയ്തു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ശവാസനത്തിന്റെ കാര്യം പൊലീസിന് മനസിലായത്. ഇതോടെ മണിക്കൂറുകള്‍ നീണ്ടുനിന്ന പരിഭ്രാന്തിക്ക് വിരാമമായി. എല്ലാവരും സുരക്ഷിതരാണെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും ലിങ്കണ്‍ഷെയര്‍ പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ വിവരം പൊലീസിനെ അറിയിച്ച ദമ്ബതികളും ആകെ അങ്കലാപ്പിലായി.എന്നാല്‍ നല്ല ഉദ്ദേശ്യത്തോടെ ചെയ്ത കാര്യമായതിനാല്‍ അവര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തില്ല.

പൊലീസുകാര്‍ യോഗാസെന്ററില്‍ ഇടിച്ചുകയറിയപ്പോള്‍ താൻ ഭയന്നുപോയെന്ന് യോഗാ അധ്യാപികയായ മില്ലി ലോസ് പറഞ്ഞു. അതിരാവിലെ നടക്കാനിറങ്ങിയ രണ്ടുപേര്‍ യോഗ പഠിപ്പിക്കുന്ന കെട്ടിടത്തിന്റെ ഗ്ലാസിലൂടെ നോക്കുന്നത് താൻ കണ്ടിരുന്നു. പക്ഷേ അത് ഇത്രയും വലിയ പ്രശ്‌നമാകുമെന്നോ താൻ ഒരു 'കൂട്ടക്കൊലയാളി'യാകുമെന്നോ കരുതിയിരുന്നില്ലെന്നും 22 കാരിയായ യോഗ അധ്യാപിക ബി.ബി.സിയോട് പറഞ്ഞു.

Related News