ചെന്നിത്തല സഭയിലെത്താത്തതില്‍ ചോദ്യവുമായി എംബി രാജേഷ്

  • 11/09/2023

തിരുവനന്തപുരം: നിയമസഭയില്‍ സോളാര്‍ വിഷയത്തിലെ അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ചും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിലെത്താത്തത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കമാണെന്നും വിമര്‍ശിച്ച്‌ മന്ത്രി എം ബി രാജേഷ് രംഗത്ത്.


സോളാര്‍ വിഷയത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ച പ്രതിപക്ഷത്തിന് ബൂമറാംഗായെന്നും പ്രതിപക്ഷം അക്ഷരാര്‍ത്ഥത്തില്‍ പകച്ചു പോയെന്നുമാണ് രാജേഷ് അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്‍റെ പുതിയ അധ്യായം ഇന്ന് തുറന്നെന്നാണ് ചെന്നിത്തലയുടെ അസാന്നിധ്യം ചൂണ്ടികാട്ടി മന്ത്രി പറഞ്ഞത്. രമേശ് ചെന്നിത്തല എന്തുകൊണ്ട് സഭയില്‍ വന്നില്ലെന്ന് ചോദിച്ച അദ്ദേഹം, കോണ്‍ഗ്രസില്‍ അധികാരത്തര്‍ക്കത്തിന്റെ പുതിയ അധ്യായം തുറന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം സോളാര്‍ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങിയതാണെന്നാണ് സി പി എം നേതാവ് എ കെ ബാലൻ അഭിപ്രായപ്പെട്ടത്. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരായി. അല്ലെങ്കില്‍ അവര്‍ വാക്ക് ഔട്ട് നടത്തിയേനെയെന്നും എ കെ ബാലൻ പറഞ്ഞു. മുഖ്യമന്ത്രിയെ ഇനിയും പ്രകോപിപ്പിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്തു വരുമായിരുന്നു. അത് പ്രതിപക്ഷത്തിന് തന്നെ തിരിച്ചടിയാകുമായിരുന്നു എന്നും ബാലൻ പറ‌ഞ്ഞു. മാസപ്പടി വിവാദത്തില്‍ പറയേണ്ടതെല്ലാം മുഖ്യമന്ത്രി പറഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related News