ഹോങ്കോങ്ങില്‍ ലൈവ് ചെയ്യുന്നതിനിടെ വ്ലോഗറുടെ കൊറിയൻ വിനോദസഞ്ചാരിക്ക് നേരെ ലൈംഗികാതിക്രമം; ഇന്ത്യക്കാരൻ അറസ്റ്റില്‍

  • 13/09/2023

ബെയ്ജിങ്: ഹോങ്കോങ്ങില്‍ വിനോദ സഞ്ചാരത്തിനെത്തി ലൈവ് സ്ട്രീമിങ് ചെയ്യുന്നതിനിടെ ദക്ഷിണ കൊറിയൻ യുവതിക്ക് നേരത്തെ ഇന്ത്യൻ യുവാവിന്റെ ലൈംഗികാതിക്രമം. തന്റെ ട്രിപ്പിനെ കുറിച്ച്‌ വിവരിച്ച്‌ ലൈവ് ചെയ്യുന്നതിനിടെയായിരുന്നു വ്ലോഗറായ യുവതിക്ക് നേരെ പീഡനം ഉണ്ടായത്. സംഭവത്തില്‍ പ്രതിയായ അമിത് ജരിയാല്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 


സെൻട്രല്‍ ഏരിയയിലെ ഒരു ട്രാംസ്റ്റോപ്പില്‍ യുവതി നില്‍ക്കവെ അപരിചിതനായ ആള്‍ വഴി ചോദിച്ച്‌ യുവതിയെ സമീപിച്ചു. സൗഹാര്‍ദപരമായി ആരംഭിച്ച സംഭാഷണത്തിനിടെ, യുവാവ് വ്ലോഗറുമായി കൂടുതല്‍ അടുക്കാൻ ശ്രമിക്കുകയും തന്നോടൊപ്പം വരാൻ ആവശ്യപ്പെടുകയും ചെയ്തു. 

യുവാവ് വ്ലോഗറുടെ കൈയില്‍ കയറി പിടിക്കുകയും 'നോക്കൂ, എന്റെ കൂടെ വരൂ, ഞാനൊറ്റയ്ക്കാണ്' എന്ന് പറഞ്ഞുകൊണ്ടിരിക്കുകയും പിടുത്തം മുറുക്കുകയും ചെയ്തു. ഇതോടെ, 'ഇല്ല, ഇല്ല' എന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞ് യുവതി അയാളുടെ പിടിയില്‍ നിന്ന് മോചിതയാകാൻ ശ്രമിച്ചു. 

യുവതി ബുദ്ധിമുട്ടും അനിഷ്ടവും വ്യക്തമാക്കിയിട്ടും അയാള്‍ ശല്യപ്പെടുത്തുകയും പിന്തുടരുകയും ചെയ്തു. മെട്രോ സ്റ്റേഷനിലെ ഗോവണിപ്പടിയിലൂടെ യുവതി ഇറങ്ങിയതോടെ സ്ഥിതിഗതികള്‍ വഷളായി. ഓടിയെത്തിയ പ്രതി യുവതിയെ ബലമായി ഒരു ഭിത്തിയില്‍ അമര്‍ത്തുകയും 'ഞാൻ തനിച്ചാണ്, എന്നോടൊപ്പം വാ' എന്നാക്രോശിക്കുകയും ചെയ്തു.

എന്നാല്‍ യുവതി അയാളെ തള്ളിമാറ്റാൻ ശ്രമിക്കുകയും നിലവിളിക്കുകയും ചെയ്തെങ്കിലും പ്രതി പിന്മാറിയില്ല. പൊടുന്നനെ യുവതിയുടെ നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ച്‌ ബലമായി ചുംബിക്കുകയും ചെയ്തു. സഹായത്തിനായി യുവതി നിലവിളിച്ചപ്പോള്‍ പ്രതി തിരികെ മുകളിലേക്ക് കയറി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി അതിക്രമത്തിന്റെ ആഘാതത്താല്‍ കരഞ്ഞുകൊണ്ട് ഗോവണിപ്പടികള്‍ ഇറങ്ങുന്നത് വീഡിയോയില്‍ കാണാം.

ഇതെല്ലാം ലൈവായി സംപ്രേഷണം ചെയ്തുകൊണ്ടിരുന്നതിനാല്‍ തന്നെ സംഭവം സോഷ്യല്‍മീഡിയയില്‍ വലിയ കോളിളക്കുണ്ടാക്കി.

Related News