പറന്നുയര്‍ന്നതിന് പിന്നാലെ സാങ്കേതിക പിഴവ്: നിമിഷങ്ങൾകൊണ്ട് 28000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി യാത്രാ വിമാനം

  • 16/09/2023



ന്യൂജേഴ്സി: പറന്നുയര്‍ന്നതിന് പിന്നാലെ ഗുരുതര സാങ്കേതിക തകരാര്‍ നേരിട്ട യാത്ര വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ 28000 അടി താഴ്ചയിലേക്ക് കൂപ്പ് കുത്തിയതോടെ ഭയന്നുവിറച്ച് യാത്രക്കാര്‍. ന്യൂ ജഴ്സിയിലെ ന്യൂ ആര്‍ക് വിമാനത്താവളത്തില്‍ നിന്ന് റോമിലേക്ക് തിരിച്ച വിമാനത്തിനാണ് സാങ്കേതിക തകരാറ് നേരിട്ടത്. ബോയിംഗ് 777 ഇനത്തിലുള്ള വിമാനമാണ് സാങ്കേതിക തകരാറിനേ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കിയത്.

10 മിനിറ്റ് സമയത്തിനുള്ളില്‍ 28000 അടി താഴ്ചയിലേക്ക് വിമാനം എത്തിയതോടെ യാത്രാ വിമാനത്തിലെ യാത്രക്കാര്‍ ഭയക്കുകയും ചിലര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടതായുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുണൈറ്റഡ് എയര്‍ലൈന്‍റെ 510 വിമാനമാണ് ലക്ഷ്യ സ്ഥാനത്ത് എത്താതെ തിരിച്ചിറക്കിയത്. 270 യാത്രക്കാരും 14 ക്രൂ അംഗങ്ങളുമായിരുന്നു സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്.

ബുധനാഴ്ച രാത്രി 8.37നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. അര്‍ധരാത്രി 12.27ഓടെയാണ് വിമാനം തിരിച്ചിറക്കിയത്. ന്യൂ ജഴ്സിയില്‍ ഇറക്കിയ വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിലാണ് റോമിലേക്ക് അയച്ചത്. ക്യാബിൻ പ്രഷറൈസേഷൻ തകരാറിനെ തുടര്‍ന്നാണ് വിമാനത്തിന് അടിയന്തരമായി തിരിച്ചിറങ്ങേണ്ടി വന്നത്.

Related News