സംസ്ഥാനത്ത് 11 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്‌ഡ്; സുരക്ഷയൊരുക്കി 250 സിആര്‍പിഎഫ് ജീവനക്കാര്‍

  • 25/09/2023

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 11 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്‌ഡ് പുരോഗമിക്കുന്നു. മലപ്പുറം, എറണാകുളം, തൃശ്ശൂര്‍, വയനാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. 250 സിആര്‍പിഎഫ് ജീവനക്കാരുടെയും പൊലീസിന്റെയും സുരക്ഷയിലാണ് പരിശോധന പുരോഗമിക്കുന്നത്. കൊച്ചി ഇഡി ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെയാണ് പരിശോധന തുടങ്ങിയത്.


ചാവക്കാട് മുനയ്ക്കകടവില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലും കൊച്ചി കുമ്ബളത്ത് പിഎഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദിന്റെ വീട്ടിലുമടക്കം 11 ഇടത്താണ് പരിശോധന പുരോഗമിക്കുന്നത്. മലപ്പുറം അരീക്കോട് എസ്ഡിപിഐ നേതാവ് നൂറുല്‍ അമീൻ്റെ മൂര്‍ക്കനാട്ടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കൊച്ചിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധനക്ക് എത്തിയത്. മൂര്‍ക്കനാട്ടെ സ്വകാര്യ സ്കൂളിലെ അറബിക് അധ്യാപകനാണ് നൂറുല്‍ അമീൻ. മലപ്പുറം മഞ്ചേരി കിഴക്കേത്തല സ്വദേശി അബ്ദുള്‍ ജലീല്‍, കാരാപ്പറമ്ബ് സ്വദേശി ഹംസ എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.

കേരളത്തില്‍ പിഎഫ്‌ഐ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇത്തരം കേന്ദ്രങ്ങളില്‍ ആണ് പരിശോധന നടക്കുന്നതെന്നും ഇഡി വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിച്ചു. കേരളത്തിലേക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണം വന്നുവെന്ന വിവരവും പരിശോധനയ്ക്ക് പിന്നിലുണ്ട്.

Related News