ലഹരി ഉപയോഗിച്ച്‌ കാര്‍ കുളത്തിലേക്ക് ഓടിച്ചിറക്കി, 3 കുട്ടികള്‍ മുങ്ങിമരിച്ചു, അമ്മയ്ക്ക് തടവുശിക്ഷ

  • 26/09/2023

ലഹരി ഉപയോഗിച്ച്‌ കാര്‍ ഓടിച്ച്‌ അപകടമുണ്ടാക്കി മൂന്ന് ആണ്‍മക്കളുടെ മരണത്തിന് കാരണമായ അമ്മയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. ലഹരി ഉപയോഗിച്ച ശേഷം യുവതി ഓടിച്ച എസ് യു വി ഐസ് നിറഞ്ഞ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് 1 മുതല്‍ 4 വരെ പ്രായമുള്ള ആണ്‍ കുട്ടികള്‍ മരിച്ചത്. 2022 ഫെബ്രുവരിയിലാണ് അപകടമുണ്ടായത്.


ലെറ്റീസിയ ഗോണ്‍സാലേസ് എന്ന യുവതിയ്ക്കാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. നാല് വയസ് പ്രായമുള്ള ജെറോം, മൂന്ന് വയസ് പ്രായമുള്ള ജെറമിയ, ഒരുവയസുകാരന്‍ ജോസിയാ എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ ചെറിയ കുളത്തിലേക്കാണ് ലഹരിയില്‍ യുവതി വാഹനം ഓടിച്ചിറക്കിയത്.

ചൈല്‍ഡ് സീറ്റില്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. നിസാര പരിക്കുകളോടെയാണ് ലെറ്റീസിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ലഹരി വസ്തുവായ മെത്തഡോണിന്റെ സാന്നിധ്യം യുവതിയുടെ രക്തത്തില്‍ കണ്ടെത്തിയിരുന്നു.

യുവതിക്ക് ലഹരിമുക്തി കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷമാണ് കേസിലെ വിചാരണ ആരംഭിച്ചത്. ശിക്ഷ വിധിക്കുന്ന സമയത്ത് പൊട്ടിക്കരഞ്ഞായിരുന്നു യുവതിയുടെ പ്രതികരണം. ജീവപരന്ത്യം തടവിന് സമാനമായ അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് യുവതി കോടതിയെ അറിയിച്ചു.

തനിക്ക് എല്ലാം നഷ്ടമായെന്നും മറ്റെന്തിനേക്കാളും തന്നേത്തന്നെ വെറുക്കുന്ന അവസ്ഥയിലാണെന്നും യുവതി കോടതിയെ അറിയിച്ചു. മക്കളില്ലാത്ത തന്റെ ജീവിതം ജീവപരന്ത്യത്തിന് തുല്യമാണെന്നും മാപ്പ് മാത്രമാണ് താന്‍ തേടുന്നതെന്നും യുവതി കോടതിയില്‍ പ്രതികരിച്ചത്. ഏപ്രിലില്‍ യുവതി കുറ്റസമ്മതം നടത്തിയിരുന്നു.

Related News